Kerala
വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള വിജ്ഞാനോത്സവത്തിന് ഒരുങ്ങി അരുവിത്തുറ കോളേജ്
കോട്ടയം :അരുവിത്തുറ : ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് കാരണമാകുന്ന പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള നാലുവർഷ ബിരുദ ക്ലാസുകൾ ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് അരുവിത്തുറ കോളേജ്.
കേരളത്തിലെ ബിരുദ വിദ്യാഭ്യാസത്തെ വിദേശ സർവകലാശാലകളിലെ ബിരുദ വിദ്യാഭ്യാസത്തോട് കിട പിടിക്കുന്ന രീതിയിൽ നൂതനവും തൊഴിൽ അധിഷ്ഠിതവും ആക്കി തീർക്കാൻ ഉതങ്ങുന്ന പുതിയ നാലുവർഷ ബിരുദ പാഠ്യപദ്ധതിയുടെ നടത്തിപ്പിനായുള്ള അവസാന വട്ട ഒരുക്കങ്ങളും കോളേജിൽ പൂർത്തിയാക്കി കഴിഞ്ഞു.
പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി പുതിയ പാഠ്യപദ്ധതിയെ സംബന്ധിച്ച് അധ്യാപകർക്കും അനധ്യാപകർക്കും അടക്കം വിവിധ തലങ്ങളിലുള്ള പരിശീലനങ്ങൾ കോളേജിൽ സംഘടിപ്പിച്ചിരുന്നു . പുതിയ പാഠ്യപദ്ധതിയെ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി മഹാത്മാഗാന്ധി സർവ്വകലാശാലയുമായി സഹകരിച്ച് മുഖാമുഖം പരിപാടിയും കോളേജിൽ സംഘടിപ്പിക്കപ്പെട്ടു.
ജൂലൈ ഒന്നാം തീയതി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പുതിയ പാഠ്യ പദ്ധതി പ്രകാരമുള്ള ബിരുദ ക്ലാസ്സുകളുടെയും സ്റ്റുഡൻറ് ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ നിർവഹിക്കും.
കോളേജ് മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ സിബി ജോസഫ് ,ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ ഐക്യുഎസി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സംസാരിക്കും.
കോളേജിലെ ഐ ക്യു എ സി യുടെയും എച്ച് ആർ ഡി സെല്ലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴുദിവസം നീണ്ടുനിൽക്കുന്ന ‘ദീക്ഷാരംഭ് 2024’ സ്റ്റുഡൻറ് ഇൻഡക്ഷൻ പ്രോഗ്രാമോടുകൂടിയാണ് കോളേജിൽ ഈ വർഷത്തെ ക്ലാസുകൾ ആരംഭിക്കുക .സ്റ്റുഡൻറ് ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി
വിവിധ മേഖലകളിൽ പ്രഗൽഭരായ വ്യക്തികൾ വിവിധ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിക്കും.