പാലാ : ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസങ്ങളിലായി വഴിയിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി, ഇവരുടെ ശരീരത്തിൽ കടന്നുപിടിച്ച് ഞൊടിയിടയിൽ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ തിരിച്ചറിയുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മറ്റു സ്ത്രീകളും പരാതി നൽകിയിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എ.എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ അരുൺകുമാർ, സജിത്ത്, അനൂപ് സി.ജി, അരുൺ സി.എം, ശ്യാം.എസ്. ലാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.