ആലപ്പുഴ: ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന് മുന്നിലും പ്രതി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, മുന്മന്ത്രി എ.കെ ബാലൻ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു.
അതിവിചിത്ര വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിന്റെ വിലയിരുത്തൽ.
തോമസ് ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ ഈ ഘട്ടത്തിൽ വിലയിരുത്തുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ചർച്ചകളിലെ പൊതു വികാരം.
ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവരെ പേരെടുത്ത് പറഞ്ഞും വിമർശനം ഉയർന്നു. ധനകാര്യ-ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമെന്നായിരുന്നു ഉയർന്ന വിമർശനം.