കോട്ടയം:- 2024 ജൂൺ മൂന്നാം തീയതി 220 പ്രവൃത്തിദിനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ച സ്കൂൾ കലണ്ടർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ (WP(c)No 23474/2024)
ഫയൽ ചെയ്തു . ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ച് സർക്കാരിന്റെ വിശദീകരണത്തിനായി നോട്ടീസ് അയച്ചു.
ഹർജി ജൂലൈ ഒന്നിന് പരിഗണിക്കും. 2024-25 അധ്യയന വർഷം ആകെയുള്ള 30 ശനിയാഴ്ചകളിൽ 25 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി 220 സാദ്ധ്യായ ദിനങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ കലണ്ടറാണ് പ്രസിദ്ധീകരിച്ചി രിക്കുന്നത്.ഇത് അധ്യാപകരുടെയും വിദ്യാർഥികളുടെയും അവകാശത്തിൻമേലുള്ള കടന്നുകയറ്റമായതിനാൽ ഈ തീരുമാനത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറാൻ തയ്യാറാകണം. പഞ്ചദിന സാദ്ധ്യായ ദിനങ്ങൾ അധ്യാപകരുടെ അവകാശമാണെന്നും ശനിയാഴ്ചകൾ വരും ദിവസങ്ങളിലേക്കുള്ള പാഠഭാഗങ്ങൾ ഒരുങ്ങാനുള്ള സമയമാണെന്നും ഈ ദിനങ്ങൾ വർക്കിംഗ് ഡേ ആക്കുന്നത് കേരളത്തിലെ സ്കൂൾ തല വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്.
അതേപോലെ തുടർച്ചയായ ആറ് ദിവസ ക്ലാസുകൾ കുട്ടികൾക്ക് മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. കുട്ടികൾക്ക് ആഴ്ചയിൽ അഞ്ചുദിവസ ക്ലാസുകൾക്ക് ശേഷം വരുന്ന ശനിയാഴ്ചകൾ എക്സ്ട്രാ കരിക്കുലർ ദിനമാണ്.NCC,NSS,സ്കൗട്ട്& ഗൈഡ്,എൽ.എസ്. എസ്, യു.എസ്.എസ് പരിശീലനം, എസ്പിസി പരേഡ് എന്നിവ നടത്തുന്നതും ഈ ദിവസങ്ങളിലാണ്.പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക സ്പെഷ്യൽ ക്ലാസുകളും കലാ-കായിക പ്രവർത്തിപരിചയ മേളകൾക്ക് പരിശീലനം നൽകുന്നതും ശനിയാഴ്ച ദിവസങ്ങളിലാണ്.
ഇത്തരത്തിൽ 220 പ്രവർത്തി ദിനങ്ങൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവും അധ്യാപക സംഘടനകൾ സമരത്തിലൂടെ നേടിയെടുത്ത പഞ്ചദിന സാദ്ധ്യായ ദിവസങ്ങൾ എന്ന അവകാശത്തിൻ മേലുള്ള കടന്നുകയറ്റവും കൂടിയാണ്. ആയതിനാൽ വികസിത രാജ്യങ്ങളിലെ പോലെ വരും തലമുറയിലെ പ്രബുദ്ധരായ പൗരന്മാരെ വാർത്തെടുക്കുവാൻ ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സ്കൂൾ പ്രവർത്തിക്കാവൂ.ഇതാണ് വരും തലമുറയിലെ പൗരന്മാരാകുന്ന കുട്ടികളുടെ മാനസിക ശാരീരിക കായിക ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും യോജിച്ച കാര്യം എന്ന് മനസ്സിലാക്കി സർക്കാർ 220 പ്രവർത്തി ദിനങ്ങൾ എന്ന തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് താല്പര്യപ്പെടുന്നു.