Kottayam

വൈദിക വേഷം ചമഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിയ യുവാവ് അറസ്റ്റിൽ

വൈദിക വേഷം ചമഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജ് (18) നെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ കൈയില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പോലീസ് പറയുന്നത്. മുന്‍പ് ഇയാള്‍ വൈദികന്‍ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തില്‍ നില്‍ക്കുന്നതും കുര്‍ബാന നല്‍കുന്നതുമായ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തിരുന്നു.

വീട്ടിലെ മുറിയില്‍ നിന്നും പുറത്തിറങ്ങാത്ത ഇയാള്‍ 3 ഫോണുകളാണ് തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിനിയില്‍ നിന്നും 23300 രൂപ തട്ടിയെടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള സംഘം ശ്രീരാഗിനേ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പണം തട്ടാനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ വ്യാജപ്പതിപ്പ് നിര്‍മിച്ചു. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കുലറിന്റെ അതേപതിപ്പ് ഫോണ്‍ നമ്പരും ഇ- മെയില്‍ വിലാസവും മാറ്റിയശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ, തട്ടിപ്പിനായി മൂന്ന് മൊബൈല്‍ ഫോണുകളും നാല് സിം കാര്‍ഡുകളും ഉപയോഗിച്ചു. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ അപേക്ഷ ഇയാളുടെ ഇ മെയില്‍ വിലാസത്തിലാണ് ലഭിച്ചത്. തുടര്‍ന്ന് ശ്രീരാജ് അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ധരിപ്പിച്ചു.

പിന്നീട് ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നും സൂപ്രണ്ടാണെന്നും തെറ്റിദ്ധരിപ്പിച്ച് മറ്റ് നമ്പരുകളില്‍ നിന്ന് അപേക്ഷകരെ ബന്ധപ്പെട്ടു. ട്രഷറി അവധിയാണെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണവും വാങ്ങിയെടുത്തു. പിന്നീട് അപേക്ഷകര്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടെയാണ് സൈബര്‍ ക്രൈം പൊലീസിന് പരാതി നല്‍കിയത്. നിലവില്‍ മൂന്നുപേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇവരില്‍ നിന്നാണ് ആകെ 75,000 രൂപയോളം തട്ടിയതായാണ് വിവരം. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top