ലോകം കാത്തിരിക്കുന്ന ഫൈനലിലേക്ക് ഇന്ത്യ കൂളായി ഓടി കയറി. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ ഫൈനലില്‍ കടന്നു. 171 റണ്‍ നേടിയ ഇന്ത്യയുടെ സ്‌കോറിന് ഒരു ഘട്ടത്തിലും ഭീഷണിയാവാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. 103 റണ്‍സിന് ഇംഗ്ലണ്ട് കൂടാരം കയറി. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
മൂന്നാം ഓവറില്‍ അപകടകാരിയായ ജോസ് ബട്‌ലറെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ആദ്യ പ്രഹരം ഏല്‍പിച്ചു. 5 റണ്‍സെലടുത്തി സാള്‍ട്ടിനെ ബൂംറ തൊട്ടടുത്ത ഓവറില്‍ പുറത്താക്കി. അടുത്ത ഓവറില്‍ ബെയര്‍സ്‌റ്റോ അക്‌സറിന്റെ പന്തില്‍ പൂജ്യത്തിന് പുറത്ത്. 50 റണ്‍ തികയ്ക്കും മുന്‍പേ ഇംഗ്ലണ്ടിന്റെ 5 മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. ജോസ് ബട്‌ലര്‍ക്കു (23) മാത്രമാണ് രണ്ടക്കം കാണാനായത്. ഫില്‍ (5), മോയിന്‍ (8), സാം (2) ബെയര്‍സ്‌റ്റോ (0) എന്നിവര്‍ ഇംഗ്‌ളണ്ടിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
അക്‌സര്‍ പട്ടേലിന്റെ പന്തില്‍ മോയിന്‍ അലിയെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ദേഹത്ത് കൊണ്ട് വീണ പന്തില്‍ റണ്ണിനായി ഓടാനുള്ള നീക്കം പിഴച്ചു. ബാറ്റ് ക്രീസില്‍ കുത്തുംമുന്‍പേ ഇഷാന്‍ കിഷന്‍ സ്റ്റംമ്പ് ഇളക്കിയിരുന്നു. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ സാം കറനും പുറത്ത്. സ്‌കോര്‍ 49-5. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. മുന്‍നിരക്കാര്‍ പുറത്താവുകയും റണ്‍ റേറ്റ് 10 കടക്കുകയും ചെയ്തപ്പോള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട ഇംഗ്ലണ്ടിന്റെ റണ്‍ റേറ്റ് 5-ലൊതുങ്ങി. 9-ഓവര്‍ തുടങ്ങുമ്പോള്‍ 66 പന്തില്‍ 119 റണ്‍ നേടേണ്ടിയിരുന്നു. പത്താം ഓവറില്‍ കുല്‍ദീപിന്റെ ബോളില്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ഫോര്‍ നേടിയ ഹാരി ബ്രൂക്ക് തൊട്ടടുത്ത പന്തിലും സമാന ഷോട്ടിന് ശ്രമിച്ച് പുറത്തായി. 19 ബോളില്‍ 25 റണ്‍സായിരുന്നു ബ്രൂക്കിന്റെ സമ്പാദ്യം. ഇതോടെ 68-6 എന്ന നിലയിലേയ്ക്ക് ഇംഗ്ലണ്ട് വീണു.
കുൽദീപിന്റെ ശ്രദ്ധേയമായ പന്തടക്കത്തിൽ 12-ാം ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദ്ദാന്‍ എല്‍ബിയില്‍ കുരുങ്ങി. റിവ്യൂവിലും ഇംഗ്ലണ്ട് തോറ്റു. 5 ബോള്‍ നേരിട്ട ക്രിസിന് 1 റണ്‍ മാത്രമാണ് നേടാനായത്. സ്‌കോര്‍ 72-7. അക്‌സറിന്റെ സിക്‌സറിന് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ നോണ്‍സ്‌ട്രൈക്കര്‍ ലിവിങ്‌സ്റ്റണിനെ റണ്‍ ഔട്ടാക്കി. 16 പന്തില്‍ 11 റണ്ണായിരുന്നു ലിവിങ്സ്റ്റണിന് നേടാനായത്.
ബൂംറയുടെ അടുത്ത ഓവറില്‍ അദില്‍ റാഷിദ് റണ്‍ ഔട്ടായി. സൂര്യകുമാറിന്റെ നേരിട്ടുള്ള ഏറില്‍ 2 റണ്ണോടെ റാഷിദ് മടങ്ങി. സ്‌കോര്‍ 88-9. കുറച്ചുനേരം ക്രീസില്‍ നില്‍ക്കുകയെന്ന ചടങ്ങ് മാത്രമാണ് പത്താം വിക്കറ്റിലുണ്ടായിരുന്നത്. ഏറെ നേരം പിടിച്ചുനിന്ന ആര്‍ച്ചറും എല്‍ബിയില്‍ കുരുങ്ങിയതോടെ ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും ബാര്‍ബഡോസ് കെനിംഗ്‌സ്റ്റണ്‍ ഓവലിലാണ് മല്‍സരം.