എരുമേലി: പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
റാന്നി പുതുശ്ശേരിമല ഭാഗത്ത് തെക്കേമുറിയിൽ വീട്ടിൽ അനൂപ് റ്റി.എസ് (30), കോന്നി തണ്ണിത്തോട് മേടപ്പാറ ഭാഗത്ത് കളികടവുങ്കൽ കാലായിൽ വീട്ടിൽ സുനുമോൻ കെ.എസ് (39) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ജോലി ചെയ്തു വന്നിരുന്ന എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്രാഞ്ചിലെ ലോട്ടറി കടയിൽ 2020 -2024 കാലയളവിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തി കിട്ടിയ പണം ഹെഡ് ഓഫീസിൽ ഏൽപ്പിക്കാതെ വ്യാജ രേഖകളും കണക്കുകളും നിർമ്മിച്ചു 39,60,034 ( 39 ലക്ഷത്തി 60,034) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ അനൂപ് ജി, രാജേഷ്, സി.പി.ഓ ജിഷാദ് പി.സലീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.