Kerala

ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

പാമ്പാടി : ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പഴയന്നൂർ ഭാഗത്ത് ഹാജിലത്ത് വീട്ടിൽ ഹക്കീം.എം (46) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

കോത്തല സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് കോൾ വഴി ഇവന്റ് മാനേജ്മെന്റിന് ആവശ്യമായ സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കോൾ വരികയും തുടർന്ന് യുവാവ് ഈ നമ്പറിൽ ബന്ധപ്പെടുകയും, ഇവരെ പരിചയപ്പെടുത്തി നൽകണമെങ്കിൽ പണം നല്കണമെന്നുപറഞ്ഞ് യുവാവിൽ നിന്നും 2023 ജൂൺ മുതൽ പലതവണകളായി ഇയാൾ 64,000 രൂപ വാങ്ങിയെടുത്ത് കബളിപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഹക്കീം തട്ടിപ്പിനായി നിര്‍മിച്ച അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും, തുടർന്ന് അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ ഇയാളെ കോയമ്പത്തൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.

ആഡംബര കാറിൽ സഞ്ചരിച്ച് വന്നിരുന്ന ഇയാളെ അതിസാഹസികമായാണ് പോലീസ് സംഘം പിടികൂടുന്നത്. പിടികൂടിയ സമയം ഇയാളിൽ നിന്നും പതിനൊന്നോളം മൊബൈൽ ഫോണുകളും, 20 സിംകാർഡുകളും, 20 ൽപരം എ.റ്റി.എം കാർഡുകളും, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകളും, ചെക്കുകളും, കൂടാതെ മോതിരം, കമ്മൽ, പാദസരം, വളകൾ, നെക്ലൈസ് ഉൾപ്പെടെ 115 ഗ്രാം സ്വർണാഭരണങ്ങളും, വിവിധ പേരുകൾ ഉള്ള സീലുകളും, വാഹനങ്ങളുടെ ആർ.സി ബുക്കുകളും കണ്ടെടുത്തു. ഇയാളുടെ ആഡംബര കാറിൽ തന്നെയായിരുന്നു ഇയാൾ താമസിച്ചു വന്നിരുന്നത്.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി കോയമ്പത്തൂർ കളക്ടറേറ്റിന്റെ ഭാഗത്തും, ആശുപത്രിയുടെ പരിസരത്തും, വഴിയരികില്‍ ഭിക്ഷ യാചിക്കുന്നവരും ,ആക്രി പെറുക്കി നടക്കുന്നവരുമായ ആളുകളെയും സമീപിച്ച്, ഇവരോട് ബാങ്കിൽ അക്കൗണ്ട് എടുക്കുവാനും എടിഎമ്മും, പിൻ നമ്പറും, കൂടാതെ അക്കൗണ്ടിനായി കൊടുത്ത സിം കാർഡും തനിക്ക് നൽകിയാൽ 10,000 രൂപ നൽകാമെന്നു പറഞ്ഞ് ഇവർ മുഖേന അക്കൗണ്ട് തുറപ്പിച്ച്, ഈ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ പണമിടപാട് നടത്തിയിരുന്നത്. ഇത്തരം സിം കാർഡ് വഴി ഇയാൾ ഫേസ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും, കേരളത്തിലും ഗൾഫിലും സുഹൃത്തുക്കളെ ആവശ്യമുള്ളവർ ഈ പേജ് ഫോളോ ചെയ്യുക എന്ന തരത്തിൽ വാട്സ്ആപ്പ് നമ്പർ കൊടുത്തു പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ ബന്ധപ്പെടുന്നവരിൽ നിന്നും Friend ship club- ൽ ചേരുന്നതിന് ആയിരം രൂപ അടയ്ക്കുണമെന്നും ,കൂടാതെ high profile – ലിൽ ഉള്ള സ്ത്രീകളുമായി സൗഹൃദത്തിൽ ആകുന്നതിന് കൂടുതൽ പണം വേണമെന്ന് ഇവരോട് ആവശ്യപ്പെടുകയും, ഇത്തരക്കാരിൽ നിന്നും പല കാരണങ്ങൾ പറഞ്ഞു കൂടുതൽ പണം കൈക്കലാക്കിയതിനുശേഷം, ഇവരുടെ നമ്പരുകൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും, സമീപകാലത്ത് ഇത്തരത്തിൽ നടന്ന സൈബർ തട്ടിപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് കൂടുതൽ അന്വേഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എ.എസ്.ഐ നവാസ്, സി.പി.ഓ മാരായ സുമീഷ് മാക്മില്ലൻ, ശ്രീജിത്ത് രാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top