കോട്ടയം: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി.
മഴ മൂന്നുദിവസം കൂടി ജില്ലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ്ക്വാർട്ടേഴ്സ് വിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിലൊഴികെ ഒരിടത്തും ജലനിരപ്പ് അപകടനില കടന്നിട്ടില്ലെന്ന് തഹസിൽദാർമാർ യോഗത്തെ അറിയിച്ചു.
അപകടകരമായ മരങ്ങളും ശിഖരങ്ങളും നിയമപരമായ നടപടികൾ സ്വീകരിച്ച് മുറിച്ചുമാറ്റാൻ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു