ട്രെയിന്‍ യാത്രയ്ക്കിടെ മലപ്പുറം സ്വദേശി മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ.മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തും കോച്ചും നിസാമുദ്ദീൻ സ്റ്റേഷനിൽ വച്ച് വിശദമായി പരിശോധിച്ചതാണെന്നും ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കി.
ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്‍ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്‍ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അപകടം ഉണ്ടായ ഉടന്‍ രാമഗുണ്ടത്ത് ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സ് അടക്കം എത്തിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു.
എല്ലാവിധ മെഡിക്കല്‍ സഹായവും റെയില്‍വേ നല്‍കിയിരുന്നതായും അധികൃതർ പറഞ്ഞു.മലപ്പുറം മാറഞ്ചേരി വടമുക്ക് അലിഖാന്‍ ആണ് ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്.