പാലാ :ഒന്നര വര്ഷം മുമ്പ് പാലാ നഗരസഭാ ചെയർമാൻ സ്ഥാനം ലഭിക്കാതെ വന്നപ്പോൾ സിപിഐ(എം)ലെ ബിനു പുളിക്കക്കണ്ടം ഒരു തീരുമാനമെടുത്തു ഇനി കറുപ്പണിഞ്ഞേ താൻ നടക്കൂ.ഉടനെ തുണിക്കടയിലേക്കോടി കുറെയേറെ കറുത്ത ഷർട്ട് വാങ്ങി.തുണി ക്കടക്കാർക്കെല്ലാം വളരെ സന്തോഷമായി .പോകാതിരുന്ന കറുത്ത ഷർട്ടുകളെല്ലാം അങ്ങനെ പോയി കിട്ടിയതിൽ അവർ കുരിശുപള്ളി മാതാവിന് നന്ദി പറഞ്ഞു നേർച്ചയിട്ടു .
എടുത്ത ശപഥം മുടിപേൻ എന്നൊരു തമിഴ് പടം പഴയ ന്യൂ തീയേറ്ററിൽ ഓടിയപോലെ ഒരു ഒന്നൊന്നര വര്ഷം കഴിഞ്ഞപ്പോൾ ഇതാ വരുന്നു അടുത്ത പ്രഖ്യാപനം.തൃശൂര് ഞാനിങ്ങെടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞ മാതിരി;കറുപ്പ് ഞാനിങ്ങ് ഊരുവാ.എന്താ കാരണമെന്നു പലരും ചോദിച്ചപ്പോൾ ബിനു പറഞ്ഞു.ജോസ് കെ മാണി തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും ഓടി ഒളിച്ചു ;പിൻ വാതിലിലൂടെ രാജ്യസഭാ മെമ്പറായി അതുകൊണ്ട് ഞാൻ ഇനി കറുത്ത ഷർട്ട് അണിയുന്നില്ല.അപ്പോൾ ഒരു ചോദ്യം ജോസ് കെ മാണി പറഞ്ഞിട്ടാണോ കറുപ്പിട്ടത്.ഛേയ് ..ചോദ്യങ്ങളൊന്നും പാടില്ല.പറയുന്നതങ് കേട്ടൊണ്ടാൽ മതി .
രാഷ്ട്രീയമല്ലേ … ഉണ്ടോണ്ടിരുന്ന നായർക്കൊരു ഉൾവിളി തോന്നി എന്ന് പറയും പോലെ ഉൾവിളി തോന്നിയാൽ എന്ത് ചെയ്യും.പിന്നെ ഉൾവിളിക്ക് ജി എസ് ടി യുമില്ലല്ലോ.അതുകൊണ്ടു ചക്രം മുടക്കുമില്ല .പണ്ടൊരു കണക്ക് മാഷ് ക്ളാസിൽ ഒരു ചോദ്യം ചോദിച്ചു.എന്റെ വീടിന്റെ മുന്നിൽ കൂടി വലത്തോട്ട് പോയ കാറിനു 30 കിലോ മീറ്റർ സ്പീഡും ;ഇടത്തോട്ട് പോയ ബസ്സിന് 45 കിലോ മീറ്റർ സ്പീഡും ആയാൽ എന്റെ വയസ് എത്ര..?കൂട്ടത്തിൽ ഉഷാറുള്ള ഒരു കുട്ടി പറഞ്ഞു 52 വയസ്സ്.ഇത്ര കൃത്യമായിട്ട് നിനക്കെങ്ങനെ മനസിലായെന്ന് കണക്ക് മാഷ് ചോദിച്ചപ്പോൾ കുട്ടി അതിന്റെ ഹിക്ക് മത്ത് പറഞ്ഞു കൊടുത്തു.എന്റെ മൂത്ത ചേട്ടന് അര വട്ടായിട്ട് ഊളൻപാറയിൽ ചികിത്സയിലാണ് ചേട്ടന് 26 വയസ്സുണ്ട്.അപ്പോൾ മാഷിന് എന്തായാലും മുഴു വട്ടാ.അങ്ങനെയാ ഞാൻ കണക്ക് കൂട്ടിയത്.ഇരുപത്തിയാറും ഇരുപത്തിയാറും 52 എന്ന് .
പാലാ നഗരസഭയിൽ ഒന്നിനും ചോദ്യമില്ല എല്ലാം മോളിലൊരുത്തൻ കാണുന്നുണ്ടെന്നും പറയുമ്പോലെ .മോളിലുള്ളവന് വരെ ഭ്രാന്തിളകുന്ന കാര്യങ്ങളാണ് നഗരസഭയിൽ നടക്കുന്നത് .ഏതായാലും വെളുക്കണമെന്ന് വിചാരിച്ചിരുന്നപ്പോഴാ ജോസ് കെ മാണി രാജ്യസഭാ എം പി ആയത്.എന്നാൽ പിന്നെ അതിൽ പിടിച്ചങ്ങ് വെളുത്തേക്കാം.എൻ സി പി ക്കാരിയാണെങ്കിലും ബിനുവിന് കട്ട സപ്പോർട്ട് കൊടുക്കുന്ന ഒരു വനിതാ മെമ്പറാണ് ഷീബാ ജിയോ.ജയിച്ചതിൽ പിന്നെ എൻ സി പി എന്നൊരു വാക്ക് ഉരിയാടിയിട്ടില്ല.ഉരിയാടെണ്ട ആവശ്യം വന്നിട്ടുമില്ല അത്ര തന്നെ.
സിപിഐ(എം) ന്റെ പാർലമെന്ററി പാർട്ടി യോഗത്തിലൊക്കെ പുള്ളിക്കാരി പങ്കെടുക്കും.അഭിപ്രായമൊക്കെ പറയുകയും ചെയ്യും.ജനാധിപത്യ മഹിളാ അസോസിയേഷനിൽ മെമ്പർ ഷിപ്പ് എടുക്കുകയും ഒക്കെ ചെയ്യും . പക്ഷെ കാര്യത്തോടടുത്തപ്പോൾ പുള്ളിക്കാരി പറഞ്ഞു ഞാൻ എൻ സി പി ക്കാരിയാ കേട്ടോ.ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി തെരെഞ്ഞെടുപ്പിൽ വിപ്പുമായി ചെന്ന സിപിഎം നേതാക്കന്മാരോട് കട്ടായം പറഞ്ഞു ഞാൻ വിപ്പ് കൈപ്പറ്റില്ല.വീടിനു പുറത്തിറക്കില്ലാന്ന് നേതാക്കൾ പറഞ്ഞപ്പോൾ പുള്ളിക്കാരിയും പറഞ്ഞു എന്റെ വീട്ടിനു പുറത്തു കടക്കുന്നത് കാണണോ ,ഞാനിപ്പോൾ ചാനലുകാരേം;പത്രക്കാരം ;ഓൺലൈൻ കാരേം വിളിക്കുന്നത് കാണണോ.ഇത് പറഞ്ഞതും നേതാക്കളെ നോക്കിയപ്പോൾ അനിക്സ് സ്പ്രേ യുടെ പരസ്യം പോലെ ആയി പോയി.പൊടി പോലുമില്ല കണ്ടു പിടിക്കാൻ.
പുള്ളിക്കാരി ഇന്ന്; ബിനു കറുപ്പ് ഊരി വെളുപ്പ് അണിഞ്ഞപ്പോൾ കറുത്ത ചുരിദാറും ധരിച്ചാണ് എത്തിയത്.ഇവർ രണ്ടു പേരും അടുത്തടുത്ത കസേരകളിൽ ഇരുന്നപ്പോൾ കറുപ്പിനഴക് ഹോ ഓ ഓ ഓ ഓ വെളുപ്പിനഴക് എന്ന ചലച്ചിത്രഗാനമാണ് ഓർമ്മ വന്നത് .ബിനുവിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.ശബ്ദമൊക്കെ വളരെ താഴ്ത്തിയാണ് സംസാരിച്ചത്.അത് കൊണ്ട് തന്നെ ചാനലുകാർ നേരത്തെ തന്നെ സ്റ്റാൻഡും മടക്കി സ്ഥലം വിട്ടു.കോട്ടയത്ത് നിന്ന് ഇവിടം വരെ വെറുതെ വന്നതാ എന്ന് നിരാശയോടെ പറഞ്ഞാണവർ കോട്ടയത്തേക്ക് പോയത് .എന്നാൽ സിപിഎം ലെ വനിതകളായ ജോസിന് ബിനോ ;സതി ശശികുമാർ ;ബിന്ദു മനു;സിജി പ്രസാദ് എന്നിവർ ഇന്ന് കടുത്ത സന്തോഷത്തിലായിരുന്നു.ഇതിൽ പലരും ചെണ്ടൻ കപ്പ തിളയ്ക്കുമ്പോയിൽ ഉണ്ടാകുന്ന ശബ്ദത്തിൽ ചിരിക്കുന്നുമുണ്ടായിരുന്നു .
വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ പ്രശ്നത്തിൽ വനിതാ കമ്മീഷനും.മറ്റ് സ്ഥാപനങ്ങളും സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും ഉടൻ അവർ ഹോസ്റ്റൽ ഏറ്റെടുക്കുവാനുള്ള നടപടി ഉണ്ടാവുമെന്നും ചെയർമാൻ പറഞ്ഞപ്പോൾ;പ്രതിപക്ഷത്തെ വി സി പ്രിൻസ് പറഞ്ഞു ഇത് കുറെ ക്കാലമായല്ലോ ഇങ്ങനെ പറയുന്നു ,കാര്യം വല്ലതും നടക്കുമോ.ഉടനെ ഭരണപക്ഷ ബഞ്ചിലെ ബൈജു കൊല്ലമ്പറമ്പിൽ പറഞ്ഞു ..എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ .ഭരണ പക്ഷ ബഞ്ചിലാകെ ചിരി പടർന്നപ്പോൾ ഷാജു തുരുത്തൻ അടുത്ത നടപടിയിലേക്കു കടന്നു.
സഭ പിരിഞ്ഞതും സതീഷ് ചൊള്ളാനിയും;ജിമ്മി ജോസഫ് ;എന്നിവർ ഇറങ്ങി സ്ഥലം വിട്ടു.ഷീബ ജിയോ ;സിജി ടോണി ;മായാ രാഹുൽ എന്നിവർ ബിനുവിനോട് കുശലം പറഞ്ഞു സഭയിൽ തന്നെ നിന്നു .വി സി പ്രിൻസ് ;ആനി ബിജോയി ;ലിസ്സിക്കുട്ടി മാത്യു എന്നിവർ ഭരണ പക്ഷവുമായി സൗഹൃദം പങ്കിട്ട് മടങ്ങി.ഭരണപക്ഷം പതിവില്ലാതെ കൗൺസിൽ ഹാളിനു മുന്നിൽ കേന്ദ്രീകരിച്ചപ്പോൾ വി സി പ്രിൻസിന് സംശയം വല്ലോ കേക്ക് മുറിയൊക്കെയുണ്ടോ ..ഉണ്ടേൽ പറയണേ …?
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ