ഭുവനേശ്വർ : ഒഡീഷയിൽ സംസ്ഥാന അധ്യക്ഷന് നേർക്ക് മഷി ഒഴിച്ച് പ്രതിഷേധിച്ച 5 കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി അടക്കമുള്ള 5 നേതാക്കളെയാണ് പുറത്താക്കിയത്. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശരത് പട്നായക്കിന് നേരെയായിരുന്നു മഷിയേറ് ഉണ്ടായത്.
വെള്ളിയാഴ്ച ഒഡീഷ കോൺഗ്രസിന്റെ സംസ്ഥാന ഓഫീസിൽ വെച്ചാണ് മുഖംമൂടി ധരിച്ച രണ്ട് പേർ പാർട്ടി അധ്യക്ഷന് നേരെ മഷി എറിഞ്ഞിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോൺഗ്രസ് നേതാക്കൾ തന്നെയാണ് മഷിയേറിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിനെ തുടർന്ന് ഒഡീഷ കോൺഗ്രസിൽ ഉണ്ടായിരുന്ന ആഭ്യന്തര കലഹം ആണ് മഷിയേറിൽ കലാശിച്ചത്.
ഒപിസിസി ജനറൽ സെക്രട്ടറി പ്രകാശ് മിശ്ര, ഒഡീഷ പ്രദേശ് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രിയസ്മിത പാണ്ഡ, പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ സെക്രട്ടറി സന്ദീപ് റൗത്രയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമ്രേഷ് പരിദ, എൻഎസ്‌യുഐ സംസ്ഥാന സെക്രട്ടറി ആര്യൻ സാസ്മൽ എന്നിവരെയാണ് സംഭവത്തിൽ കോൺഗ്രസ് പുറത്താക്കിയിരിക്കുന്നത്. ആറുവർഷത്തേക്കാണ് ഈ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്.