വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരവുമായി കൊൽക്കത്തയിൽ വച്ച് മമത കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂലിനെ വിട്ട് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് മത്സരിച്ചത് ചില അസ്വാരസ്യങ്ങൾക്ക് വഴിവച്ചിരുന്നു. ഈ വിള്ളൽ പരിഹരിക്കുക കൂടിയാണ് കോൺഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി ഇറങ്ങുമെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം. അതേസമയം വയനാട്ടിലേക്കെത്തുന്ന തീയതി പിന്നീട് അറിയിക്കും.
കോണ്‍ഗ്രസ് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നതില്‍ ഇടഞ്ഞ മമത പശ്ചിമ ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാൽ ലോക്സഭയിലേക്കുള്ള മികച്ച മുന്നേറ്റത്തിന് പിന്നാലെ മുന്നണിക്കൊപ്പം തന്നെ തുടരുമെന്ന സൂചന മമത നൽകിയിരുന്നു. ഇത് ഉറപ്പിക്കുക കൂടിയാകും ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം.