Kerala
പ്രവർത്തിച്ചാലല്ലേ സംഘടന വളരൂ…അങ്ങനെ കണ്ടമാനം പ്രവർത്തിക്കേണ്ടെന്ന് ജില്ലാ പ്രസിഡണ്ട് :കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പിൽ അസ്വാരസ്യം പടരുന്നു
കോട്ടയം :സംഘടന വളരണമെങ്കിൽ പ്രവർത്തനങ്ങൾ നടത്തണം.അങ്ങനെ സംഘടന വളർത്താൻ വേണ്ടി സംഘടനാ പ്രവർത്തനങ്ങൾ നടത്തിയ ഒരു പറ്റം പൊതു പ്രവർത്തകരുടെ ഗളഹസ്തം ചെയ്യുവാനുള്ള പുറപ്പാടിലാണ് ജില്ലാ പ്രസിഡണ്ട് . കേരളാ കോൺഗ്രസ് പിള്ള വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയിലാണ് സംഘടനാ പ്രവർത്തനം അധികം നടത്തുന്നവരെ വെട്ടുവാൻ ജില്ലാ പ്രസിഡണ്ട് തന്നെ കരുക്കൾ നീക്കുന്നത് .പിള്ള ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡണ്ട് അധിക പ്രസംഗികളെയും .അധികം പ്രവർത്തിക്കുന്നവരെയും പാർട്ടിയിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കുവാനുള്ള തത്രപ്പാടിലാണ്.
ഈയടുത്ത് കോട്ടയം ജില്ലയിലെ പാലാ ബൈപ്പാസിൽ മരിയൻ സെന്റർ ആശുപത്രി ജങ്ഷനിലെ ട്രാഫിക് തടസ്സം സൃഷ്ട്ടിക്കുന്ന വിവാദ കെട്ടിടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളാ കോൺഗ്രസ് പിള്ള വിഭാഗം പ്രവർത്തകർ പി ഡബ്ലിയൂ ഡി ആഫീസ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു.ഉപരോധ സമരം ഉദ്‌ഘാടനം ചെയ്യുവാനായി മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനും ;കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പ് സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹത്തെയും നിശ്ചയിച്ചു.ഇതറിഞ്ഞ പിള്ള ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡണ്ട് അങ്കക്കലി കൊണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്.
പുരയെക്കാളും വലിയ പടിപ്പുരയോ ..?കോട്ടയത്ത് ഞാൻ പോലും ഒരു സമരം വയ്ക്കുന്നില്ല എന്നിട്ടാണോ പാലായിലുള്ളവർ സ്വന്തമായി സമരം നടത്തുന്നത്.അസംഭാവ്യം.അൺ പൊറുക്കബിൾ.പാലായിലെ പിള്ളേര് കൊത്തി കൊത്തി മുറത്തിൽ കയറിയാണല്ലോ കൊത്തുന്നത്. കളത്തിൽ ആലയുള്ള ജില്ലാ പ്രസിഡണ്ട് ഉടനെ തുടങ്ങി വെട്ട്.മുന്നോക്ക ക്ഷേമ ചെയർമാൻ ചടങ്ങിന് വരില്ലത്രേ.പാലായിലെ പിള്ള ഗ്രൂപ്പുകാർ അന്വേഷണം തുടങ്ങി,വെട്ട് വന്നത് എവിടെ നിന്നാണെന്ന് അറിയണമല്ലോ.പിള്ള ഗ്രൂപ്പിന്റെ സംസ്ഥാന നേതാവ് ഉടനെ ഉരിയാടി.സിപിഐ(എം) കോട്ടയം ജില്ലാ നേതൃത്വം പറഞ്ഞു ആ സമരം ഉപേക്ഷിച്ചേക്കാൻ അത് കൊണ്ട് ആ സമരം വേണ്ട.
അന്വേഷണ ധ്വര പൂണ്ട പിള്ള ഗ്രൂപ്പുകാരായ പാലാ പിള്ളേർ സിപിഐ(എം) കോട്ടയം ജില്ലാ കാര്യവാഹിനെയും ;പാലാ കാര്യ വാഹകിനെയും കണ്ട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്.മരിയൻ സെന്റർ ജങ്ഷനിലെ ആ കെട്ടിടം മാറ്റുക എന്നുള്ളത് .ജനങ്ങളുടെ പൊതു ആവശ്യമാണ്.അതിനായി സമരം നടത്തുന്നത് സ്വാഗതാർഹമാണ് .അതിനെ തടസ്സപ്പെടുത്തുക എന്നത് തങ്ങളുടെ പാർട്ടിക്ക് യാതൊരു അറിവും ഇല്ലായെന്നാണ്.അപ്പോളാണ് കോട്ടയം ജില്ലാ പ്രസിഡണ്ട് ആരും അധികം സമരം ഒന്നും നടത്തേണ്ട.മര്യാദക്ക് ഞാൻ പറയുന്നതും കേട്ടിരുന്നാൽ മതിയെന്ന് ചന്നം പിന്നം പറഞ്ഞു തുടങ്ങിയത് .
പിള്ള ഗ്രൂപ്പിന്റെ പാലായിലെ പിള്ളേര് അത്ര മോശക്കാരൊന്നുമല്ല.കോട്ടയത്ത് പിള്ള ഗ്രൂപ്പിന് സ്വന്തം ആഫീസ് ഇല്ലാത്തപ്പോൾ പാലായിൽ ആഫീസ് തുറന്നു.ഏഴ് മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നു.യൂത്ത് ഫ്രണ്ട് പിള്ള വിഭാഗത്തിന് കൊഴുവനാലിൽ ആഫീസ് ഉടനടിയാവുന്നു. ജില്ലാ പ്രസിഡന്റിന് സഹിക്കുമോ.അദ്ദേഹം വെട്ട് തുടങ്ങി.പാലായിലെ പിള്ള ഗ്രൂപ്പുകാർ ഇപ്പോൾ ഇഞ്ചി കടിച്ച അവസ്ഥയിലായി.സംഘടനാ പ്രവർത്തനം നടത്തിയത് പാർട്ടി വിരുദ്ധമാണോ എന്നാണവർ ചോദിക്കുന്നത് . ഏതായാലും സംഘടനാ പ്രശ്നങ്ങൾ ഇപ്പോൾ സംസ്ഥാന സമിതിയിലും ചെന്നിട്ടുണ്ടെന്നാണറിവ്.സംഘടനാ പ്രവർത്തനങ്ങൾ നടത്തിയാൽ കൂമ്പ് നുള്ളുമെങ്കിൽ തങ്ങൾക്കു മറ്റു മാർഗങ്ങളും സ്വീകരിക്കേണ്ടി വരുമെന്നാണ് കോട്ടയം ജില്ലയിലെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ കോട്ടയം മീഡിയയോട് പറഞ്ഞത് .