Kerala
ചീത്ത വിളിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മൂവർ സംഘത്തെ പോലീസ് പിടികൂടി
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം കുറശ്ശേരിൽ വീട്ടിൽ അർജുൻ (23), വെച്ചൂർ ഇടയാഴം മുച്ചൂർകാവ് ഭാഗത്ത് അനുഷാഭവൻ വീട്ടിൽ അനൂപ് (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 9 :30 മണിയോടുകൂടി വെച്ചൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ സമീപം വച്ച് ഇവിടെയുണ്ടായിരുന്ന യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് വാങ്ങിയതിനുശേഷം യുവാവിനെയും, സുഹൃത്തുക്കളെയും ചീത്ത വിളിക്കുകയായിരുന്നു.
യുവാവ് ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇവർ സംഘംചേർന്ന് യുവാവിനെ മർദ്ദിക്കുകയും, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ മർദ്ദിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്, അനിൽകുമാർ, ജോർജ്, സി.പി.ഒ വിജയശങ്കർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.അർജുന് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.