കോട്ടയം :മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രശ്‌നം ഗുരുതരമായതോടെ പഞ്ചായത്ത് നായകളെ പിടികൂടാനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും തുടങ്ങിയിട്ടുണ്ട്.മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
എംബിബിഎസ്, ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ത്ഥികളെ കടിച്ച നായ കഴിഞ്ഞദിവസം ചത്തു. ഇതേതുടര്‍ന്ന് നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാരീതിയിലും മാറ്റം വരുത്തി.