എറണാകുളം: എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് അരളിപ്പൂവ് കഴിച്ചതിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. അരളിപ്പൂവ് കഴിച്ചെന്ന് കുട്ടികൾ ഡോക്ടർമാരോട് വ്യക്തമാക്കി.
ഇന്ന് രാവിലെ ക്ലാസിൽവെച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയിൽ എത്തിച്ചിരുന്നു. രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. നിലവിൽ ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
അരളിച്ചെടിയുടെ പൂവ് കഴിച്ച് യുവതി മരണപ്പെട്ടതിന് പിന്നാലെ അരളിയിലെ വിഷാംശം ചർച്ചയായിരുന്നു. പിന്നീട് അരുളിപ്പൂവ് കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ആറ് പശുക്കൾ ചത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും മറ്റു ചില ക്ഷേത്രങ്ങളിലും നിവേദ്യത്തിലും പൂജയ്ക്കും അരളി ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.