Kerala

ഫിനാൻസ് സ്ഥാപനത്തിലെത്തി അരിവാൾ, വാക്കത്തി, സ്റ്റീൽ ദണ്ട് മുതലായ മാരകായുധങ്ങളുമായി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മുണ്ടക്കയം : മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ സ്റ്റിബിൻ സ്റ്റീഫൻ (30), മുണ്ടക്കയം കീച്ചൻപാറ ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ ദീപു ദിവാകരൻ(30) മുണ്ടക്കയം വെള്ളനാടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ രതീഷ്. ആർ (21) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ഇന്നലെ (12.06.24) ഉച്ചയ്ക്ക് 3:30 മണിയോടുകൂടി മുണ്ടക്കയം പൈങ്കണ ഭാഗത്ത് അരിവാൾ, വാക്കത്തി, സ്റ്റീൽ ദണ്ട് മുതലായ മാരകായുധങ്ങളുമായി കാറിലെത്തി ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരനായ യുവാവിനെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവർ ആക്രമിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവുമായി ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ചത്.

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രീദീപ് ചന്ദ്രൻ, എസ്.ഐ വിപിൻ കെ.വി, സി.പി.ഓ മാരായ പ്രശാന്ത്, റഫീഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top