ഇടുക്കി മാങ്കുളത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവും നൽകാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് തങ്കച്ചന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.
വീടിന് സമീപത്തെ ഷെഡിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. സംഭവം നടന്നതിന് തൊട്ടുപുറകേ, മകൻ ബിബിനെ കാണാതായത് ദുരൂഹതയുയർത്തിയിരുന്നു. ഏറെ നാളായി തങ്കച്ചൻ മകനൊപ്പമായിരുന്നു താമസം. ബിബിനും തങ്കച്ചനും തമ്മിൽ ചില അസ്വാരസ്യങ്ങളും വഴക്കുമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി.
സ്വർണവും പണവുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതേ തുടർന്നുളള പ്രകോപനമാണ് കൊലപാതക കാരണമെന്നും പൊലീസ് പറയുന്നു.