കോട്ടയം :ജോസ് കെ മാണിയുടെ ഹൃദയത്തിലുള്ള കേരള കോൺഗ്രസ് (എം) പാലാ മണ്ഡലം പ്രസിഡൻ്റ്, പാർട്ടി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ വൻ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തൻ്റെ രാജി കത്തിൽ പരാമർശിച്ചിരിക്കുന്നത് 100% സത്യം. ഭരണ വിരുദ്ധ വികാരവും, LDF കൂട്ടുകെട്ട് അംഗീകരിക്കാത്ത അണികൾ മറിച്ച് വോട്ട് ചെയ്തതും പരസ്യമായി അംഗീരിച്ചിരിക്കുന്നു.
ഇത് കുറെ നാളുകളായി പ്രാദേശിക, സഹകരണ മേഖലകളിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും കണ്ടതാണ്. ഇത് ജോസ് കെ മാണിക്കും നന്നായി അറിയാം. എന്നാൽ ചില കോൺഗ്രസ് നേതാക്കൾക്ക് ഇക്കാര്യം ഇതുവരെ മനസ്സിലായിട്ടില്ല എന്ന് അഭിനയിക്കുന്നത് കഷ്ടം. ജോസ് കെ മാണി LDF ൽ ഉറച്ചു നിന്ന് ബോൺസായി ആയി വളരുന്നതിന് വിട്ടിട്ട് UDF സംസ്കാരമുള്ള അണികളും വോട്ടുകളും UDF ലേക്ക് തിരിച്ചു വരുന്നതിനെയും ലക്ഷ്യം വച്ച് പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നയമാണ് UDF സ്വീകരിക്കേണ്ടത്.
മറിച്ച് ജോസേ വാവോ ..വാ..വാ..വോ എന്നു പറഞ്ഞ് ചില കോൺഗ്രസ് നേതാക്കൾ കരയാൻ തുടങ്ങിയത് അനവസരത്തിലും അനാവശ്യവുമാണെന്ന് ഏതു കൊച്ചുകുട്ടിയും പറഞ്ഞു പോകും. UDF നെ വഞ്ചിച്ച ജോസ് കെ മാണിക്ക് ചുട്ട മറുപടി കൊടുക്കണമെന്ന നേതാക്കളുടെ ആഹ്വാനം നെഞ്ചിലേറ്റി, ഊണും ഉറക്കവും ഇല്ലാതെ UDF ന് വേണ്ടി പ്രവർത്തിച്ച്, UDF നെ വൻവിജയത്തിലെത്തിച്ച്, ജോസിൻ്റെ പാർട്ടിയെ മലർത്തിയടിച്ച സാധാരണ പ്രവർത്തകരെയും ജോസിൻ്റെ നിലപാടുകളെ എതിർത്ത് UDF ന് വോട്ട് ചെയ്തവരെയും വേദനിപ്പിക്കുന്ന നിലപാട് ആയി പോയി.
അത് റിസൽറ്റ് വന്നതിൻ്റെ പിറ്റേന്ന് തന്നെ തുടങ്ങിയത് അപക്വവും പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നതുമാണെന്ന് ഏത് നേതൃത്വത്തിൻ്റെയും മുഖത്ത് നോക്കി പറയാനുള്ള ആർജവത്വവും നിർഭയത്വവുമുള്ള പ്രവർത്തകരാണ് കോട്ടയത്തെ കോൺഗ്രസിൻ്റെ ശക്തി എന്ന് മനസ്സിലാക്കിയാൽ നല്ലത്.
സാബു എബ്രഹാം , പാലാ
മുൻ ഡി.സി.സി ജനറൽ സെക്രട്ടറി