ലഖ്നൗ: ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് രാഹുലിനെ പ്രതി ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ രാഹുല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
രാഹുലും പ്രതിയായ അങ്കുറും ഉള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പാര്‍ട്ടിയില്‍വെച്ച് മദ്യപിച്ച് കാറില്‍ മടങ്ങിയ സുഹൃത്തുക്കള്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തി. ഇതിനിടെ രാഹുല്‍ തമാശയ്ക്ക് അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു. മറ്റുള്ളവരും ഇത് കണ്ട് അങ്കുറിനെ കളിയാക്കി. ഇതോടെ രാഹുലും അങ്കുറും തമ്മില്‍ തര്‍ക്കമാകുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
Signature-ad
തുടര്‍ന്ന് അഞ്ചുപേരും കാറില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍, തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും മര്‍ദിക്കുകയുംചെയ്ത രാഹുലിനോടുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂട്ടുകാര്‍ക്കിടയില്‍ അപമാനിതനായതും ഇയാള്‍ക്ക് സഹിക്കാനായില്ല. ഇതോടെ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതി രാഹുലിന്റെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുമുറ്റത്ത് ഉറങ്ങികിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് രാഹുലിനെ കണ്ടത്. മകന്റെ മുഖത്തും കഴുത്തിലും മാരകമായി മുറിവേറ്റിരുന്നതായി രാഹുലിന്റെ പിതാവ് ഛത്രപാല്‍ സിങ്ങും പറഞ്ഞു. സംഭവത്തില്‍ അങ്കുര്‍ കുമാറിനെയും മറ്റൊരാളെയും പ്രതിചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.