Kerala

രാഷ്ട്രീയ കക്ഷികളെ ഇരുത്തി ചിന്തിപ്പിപ്പിച്ച് നോട്ട; നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് ആലത്തൂരിൽ, തൊട്ടുപിറകിൽ കോട്ടയം

Posted on

 

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 158376 പേർ തങ്ങളുടെ പ്രതിഷേധം നോട്ടയിൽ വോട്ടു രേഖപ്പെടുത്തി പരസ്യമായി പ്രകടിപ്പിച്ചതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പറഞ്ഞു. നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് ആലത്തൂരാണ്. 12033 വോട്ട്. പോൾ ചെയ്ത വോട്ടിൻ്റെ 1.21 ശതമാനം. രണ്ടാമത് കോട്ടയത്താണ്. 11933 വോട്ട്. പോൾ ചെയ്തതിൻ്റെ 1.43 ശതമാനം. വടകര, എറണാകുളം മണ്ഡലങ്ങളിൽ ഒഴിച്ച് മറ്റു 18 മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. വടകരയിൽ ഷാഫി പറമ്പിലിൻ്റെ അപരനും എറണാകുളത്ത് ട്വൻ്റി 20യുമാണ് നാലാമത്.

ജനങ്ങളുടെ എതിർപ്പ് പ്രകടിപ്പാക്കാൻ തെരഞ്ഞെടുപ്പ് യന്ത്രത്തിൽ ഔദ്യോഗികമായി നൽകിയ ഓപ്ഷനാണ് നോട്ട. നോട്ടയ്ക്ക് പ്രചാരണം നൽകാതിരിക്കാൻ എല്ലാവിധത്തിലും തമസ്ക്കരിച്ചെങ്കിലും ഒന്നരലക്ഷത്തിലധികം ആളുകൾ കേരളത്തിൽ നോട്ടയ്ക്ക് വോട്ടു ചെയ്തത് ജനങ്ങളുടെ പ്രതിഷേധത്തിൻ്റെ പ്രതിഫലനമാണ്. നിലവിൽ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ ജയപരാജയം നിർണ്ണയിക്കാൻ നോട്ടയ്ക്കായിട്ടില്ല. അത്തരമൊരു അവസരം വന്നാൽ രാഷ്ട്രീയ കക്ഷികൾ ജനങ്ങളുടെ ആവശ്യങ്ങൾക്കു കൂടുതൽ ചെവി കൊടുക്കും. നോട്ടയ്ക്ക് വോട്ടു രേഖപ്പെടുത്തുന്നതോടൊപ്പം ജനങ്ങൾക്കു തിരിച്ചുവിളിക്കാനുള്ള അവകാശം കൂടി നൽകിയാൽ മാത്രമേ ജനാധിപത്യം പൂർണ്ണതയിൽ എത്തുകയുള്ളൂ. നോട്ട അരാഷ്ട്രീയമാണെന്ന വാദം വോട്ടു ലഭിക്കാത്ത രാഷ്ട്രീയ കക്ഷികളുടെ പ്രചാരണം മാത്രമാണെന്ന് എബി ജെ ജോസും സാംജി പഴേപറമ്പിലും ചൂണ്ടിക്കാട്ടി.

ഏതെങ്കിലും രാഷ്ട്രീയ കക്ഷി അവരുടെ അജണ്ടകൾക്കനുസരിച്ച് ചൂണ്ടിക്കാട്ടുന്ന ആർക്കെങ്കിലും വോട്ടു രേഖപ്പെടുത്തുന്ന നിലപാടാണ് അരാഷ്ട്രീയം. നിലവിലെ രാഷ്ട്രീയംകൊണ്ട് ആർക്കാണ് നേട്ടമെന്ന് നോക്കിയാൽ ഏതാണ് അരാഷ്ട്രീയമെന്ന് മനസിലാക്കാൻ സാധിക്കും. ഔദ്യോഗികമായി അംഗീകരിച്ച നോട്ടയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും വീഴ്ച്ച വരുത്തിയതായി ഫൗണ്ടേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. നോട്ടയ്ക്ക് ഒന്നര ലക്ഷത്തിലധികം വോട്ട് ലഭിച്ചത് രാഷ്ട്രീയ കക്ഷികളെ ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. മുല്ലപെരിയാർ വിഷയമടക്കമുള്ള കേരളത്തിലെ ജനങ്ങളുടെ പരമപ്രധാനമായ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് വരും തിരഞ്ഞെടുപ്പുകളിലും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നോട്ടയ്ക്കായി പ്രചാരണം നടത്തുമെന്ന് ചെയർമാൻ എബി ജെ ജോസും ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിലും അറിയിച്ചു. നോട്ടയ്ക്കായി കേരളത്തിൽ പ്രചാരണം നടത്തിയ സംഘടനയാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ.

നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ മണ്ഡലം തിരിച്ച് താഴെ

കാസർകോഡ് – 7112
കണ്ണൂർ – 8873
വടകര – 2909
വയനാട് – 6999
കോഴിക്കോട് – 6316
മലപ്പുറം – 6766
പൊന്നാനി – 6561
പാലക്കാട് – 8793
ആലത്തൂർ – 12033
തൃശൂർ – 6072
ചാലക്കുടി – 8063
എറണാകുളം – 7758
ഇടുക്കി – 9519
കോട്ടയം – 11933
ആലപ്പുഴ – 7365
മാവേലിക്കര – 9883
പത്തനംതിട്ട – 8411
കൊല്ലം – 6546
ആറ്റിങ്ങൽ – 9711
തിരുവനന്തപുരം – 6753

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version