കോട്ടയം :രാമപുരം :രാമപുരം ഗ്രാമ പഞ്ചായത്തിന് സമീപമുള്ള സേക്രഡ് ഹാർഡ് സ്‌കൂളിന്റെ സമീപത്ത് നിര്ധനയായ വീട്ടമ്മ നടത്തിയിരുന്ന പെട്ടിക്കട നീക്കം ചെയ്യണമെന്ന് രാമപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ.സ്‌കൂൾ തുറക്കുന്നത് പ്രമാണിച്ച് ഇന്നലെയായിരുന്നു വീട്ടമ്മ നാലു വീലിൽ ഉന്തി മാറ്റാവുന്ന തരത്തിലുള്ള പെട്ടിക്കട ആരംഭിച്ചത്.മിഠായി;ബിസ്ക്കറ്റ്,ലെയ്‌സ് ;പെൻസിൽ ;പേന ;വെള്ള പേപ്പർ എന്നിവയാണ് ഈ പെട്ടിക്കടയിലൂടെ വീട്ടമ്മ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുള്ളത് .
എന്നാൽ സ്‌കൂൾ അധികൃതർ പോലീസ് സ്റ്റേഷനിലും ;ഗ്രാമ പഞ്ചായത്തിലും രേഖാ മൂലം പരാതി തന്നതിൽ പ്രകാരമാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചതെന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞത്.പെൺകുട്ടികൾ പഠിക്കുന്ന എൽ പി സ്‌കൂളിലെയും ഹൈസ്‌കൂളിലെയും കുട്ടികളുടെ സുരക്ഷയിൽ സ്‌കൂൾ അധികൃതരുടെ ആശങ്കയാണ് പരാതിക്കു നിദാനമെന്നു പ്രസിഡണ്ട് ലിസമ്മ കോട്ടയം മീഡിയയോട് പറഞ്ഞു .
ഏതാനും നാൾ മുൻപ് സ്‌കൂളിന് സമീപത്ത് ഓംനി വാനിൽ തുണി വിൽക്കുവാനായി ചില സംഘങ്ങൾ തമ്പടിച്ചിരുന്നു.അവിടെ തുണി വിൽപ്പനയുടെ മറവിൽ ലഹരി വിൽക്കുന്നത് ശ്രദ്ധയിൽപെട്ട സ്‌കൂൾ അധികൃതരുടെ പരാതിയിലാണ് ഒരു വിധത്തിൽ ആ സംഘത്തെ അവിടെ നിന്നും നീക്കിയിട്ടുള്ളത്.സ്‌കൂളിന്റെ സമീപത്ത് അനധികൃതമായ കച്ചവടങ്ങൾ അനുവദിക്കാൻ പി ടി എ സമ്മതിക്കുകയില്ലെന്നു പി ടി എ പ്രസിഡണ്ട് ബെന്നി കുളക്കാട്ടോലിക്കൽ കോട്ടയം മീഡിയയോട് പറഞ്ഞു.ഇവിടെ പഠിക്കുന്ന പെൺകുട്ടികളുടെ സുരക്ഷാ ഉറപ്പ് വരുത്തുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് സ്‌കൂളിന്റെ അധികാരികളും കോട്ടയം മീഡിയയോട് പറഞ്ഞത് .
എന്നാൽ ഇതൊരു ധാർമ്മികതയുടെ പ്രശ്‌നമാണെന്നാണ് വഴിയോര കച്ചവട തൊഴിലാളി യൂണിയനോട് അടുത്ത കേന്ദ്രങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞത്.ഭർത്താവ് പെയിന്റിങ് തൊഴിലാളിയാണ് .മഴക്കാലമായതിനാൽ പണിയില്ലാത്തതിനാലാണ് വീട്ടമ്മയ്ക്കു ഇങ്ങനെയൊരു പെട്ടിക്കട തുടങ്ങേണ്ടതായി വന്നത് .ഇതൊരു മാനുഷിക പ്രശ്നമായി കാണണമെന്നും അവർ കോട്ടയം മീഡിയയോട് പറഞ്ഞു .