Kerala
ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ചൊവ്വാഴ്ച ;ഒരുക്കം പൂർണം ;ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ – വോട്ടെണ്ണലിന് തെരഞ്ഞെടുപ്പ് നിരീക്ഷകരെത്തി
കോട്ടയം: ജൂൺ നാലിനു നടക്കുന്ന കോട്ടയം ലോക് സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വിലയിരുത്തി. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വോട്ടെടുപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. ഏഴിടങ്ങളിലെയും സൗകര്യങ്ങൾ കളക്ടർ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദുവും വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നിരീക്ഷകരായ ഹെമിസ് നെഗി, ഐ. അമിത് കുമാർ എന്നിവരും ജില്ലയിലെത്തി. ഹെമിസ് നെഗി വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു.
ജൂൺ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 7.30ന് സ്‌ട്രോങ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഏഴിടങ്ങളിലായി ഒരേ സമയം നടക്കും.
14 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. വോട്ടെണ്ണലിനായി 675 ഉദ്യോഗസ്ഥരെ നിയോഗിച്ചു പരിശീലനം നൽകി. 158 കൗണ്ടിങ് സൂപ്പർവൈസർമാരെയും 158 മൈക്രോ ഒബ്‌സർവർമാരെയും 315 കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന് നേതൃത്വം നൽകാൻ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരെയും ക്രമസമാധാനപരിപാലനത്തിനായി നാല് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചു. കൗണ്ടിങ് ഉദ്യോഗസ്ഥർ രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തും. വോട്ടെണ്ണൽ ടേബിളുകളിൽ ഏത് ഉദ്യോഗസ്ഥനെയാണ് നിയോഗിക്കുന്നതെന്നു തീരുമാനിക്കുന്നതിന് രാവിലെ റാൻഡമൈസേഷൻ നടക്കും. തുടർന്നാണ് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ടേബിളുകളിലേക്ക് നിയോഗിക്കുക.
സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ മൊബൈൽ ഫോൺ അനുവദിക്കില്ല.
വോട്ടെണ്ണലിനായി മൊത്തം 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്.) എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചു.
ഒരു റൗണ്ടിൽ ഒരേ സമയം 14 മേശയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂർ-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകളുടെ എണ്ണം. ഓരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം.
പോസ്റ്റൽ ബാലറ്റുകളും സേനാവിഭാഗങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്കു നൽകിയ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.റ്റി.പി.ബി.എസ്.) എണ്ണുന്നത് കോളജ് മൈതാനത്ത് നിർമിച്ച 875 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള വലിയ ശീതീകരിച്ച പന്തലിലാണ്. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 1600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ശീതീകരിച്ച പന്തലിലാണ്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലേത് കോളജ് ലൈബ്രറി ഹാളിലും കോട്ടയത്തേത് ഓഡിറ്റോറിയത്തിലും കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക.
തെരഞ്ഞെടുപ്പിൽ തപാൽബാലറ്റിലൂടെയടക്കം മൊത്തം 66.72 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. ആകെ 12,54,823 വോട്ടർമാരിൽ 8,37,277 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പ് ദിനത്തിൽ 65.61 ശതമാനം പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് ദിനത്തിൽ 12,54,823 വോട്ടർമാരിൽ 8,23,237 പേരാണ് വോട്ട് ചെയ്തത്. 14040 തപാൽ വോട്ടുകളും രേഖപ്പെടുത്തി. ജൂൺ ഒന്നു വരെ 559 ഇ.ടി.പി.ബി.എസ്. വോട്ടുകളും രേഖപ്പെടുത്തി ലഭ്യമായിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും.
സ്‌ട്രോങ് റൂമിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌ട്രോങ് റൂമുകളുടെ 100 മീറ്റർ അകലെനിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തിൽ സംസ്ഥാന പൊലീസിന്റെ കാവലാണുള്ളത്. തുടർന്നുള്ള രണ്ടാം വലയത്തിൽ സംസ്ഥാന സായുധ പൊലീസും മൂന്നാംവലയത്തിൽ കേന്ദ്ര സായുധ പൊലീസ് സേനയുമാണ് സുരക്ഷ ചുമതലയിലുള്ളത്. സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനകവാടങ്ങൾ, സ്‌ട്രോങ് റൂം ഇടനാഴികൾ, സ്‌ട്രോങ് റൂമിൽനിന്ന് വോട്ടെണ്ണൽ ഹാളിലേക്കുള്ള വഴി, വോട്ടെണ്ണൽ ഹാൾ, ടാബുലേഷൻ ഏരിയ എന്നിവിടങ്ങളെല്ലാം സിസിടിവി നിരീക്ഷണത്തിലാണ്. എല്ലാ കേന്ദ്രങ്ങളിലും അഗ്‌നിരക്ഷാ സൗകര്യങ്ങളും ഫയർഫോഴ്‌സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ട്. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും തിരിച്ചറിയൽ കാർഡുകൾ നൽകും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിങ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാർഥികൾക്ക് നൽകും. തൽസമയ ഫലം ലഭ്യമാക്കുന്നതിന് ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ടെലഫോൺ, കമ്പ്യൂട്ടർ, ഫാക്‌സ്, ഇന്റർനെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷൻ റൂമുകളും ഒരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ് സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയാം.
വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് മദ്യനിരോധനം (ഡ്രൈഡേ) പ്രഖ്യാപിച്ചിട്ടുണ്ട്.