Kerala
ആദ്യകാല പോള്‍വാൾട്ട് താരം പൂവേലിൽ മത്തായി ഫ്രാൻസിസ് ഓർമ്മയായിട്ട് മൂന്ന് വർഷം;ഇന്ത്യയിലെ പോൾവാൾട്ടിലെ സൂപ്പർമാൻ ആയിരുന്ന പാലാ തോമസ് കാപ്പന്റെ ശിഷ്യൻ ആയിരുന്നു മത്തായി
പാലാ : ആദ്യകാല പോള്‍വാൾട്ട് താരം പൂവേലിൽ മത്തായി ഫ്രാൻസിസ്(റിട്ട. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ട്) ഓർമ്മയായിട്ട് മൂന്ന് വർഷം തികഞ്ഞു.ആദ്യകാല കായികാതാരം ആയിരുന്ന മത്തായി 1965 മുതൽ 1970 വരെ പാലാ സെന്റ് തോമസ് ഹൈസ്കൂളിലും 1970 മുതൽ പാലാ സെന്റ് തോമസ് കോളേജിലും അദ്ദേഹത്തിന്റെ ഇഷ്ട ഇനമായ പോൽവാൾട്ട്, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ റിലേ എന്നിവയിലും നിരവധി മെഡലുകൾ വാരിക്കൂട്ടി.
ഇന്ത്യയിലെ പോൾവാൾട്ടിലെ സൂപ്പർമാൻ ആയിരുന്ന പാലാ തോമസ് കാപ്പന്റെ ശിഷ്യൻ ആയിരുന്നു മത്തായി, പാലാ കൊട്ടാരമറ്റത്ത് മത്സരത്തിന് ഇറങ്ങുമ്പോൾ മത്തായിയുടെ പ്രകടനം കാണാൻ കായിക പ്രേമികൾ തടിച്ചുകൂടിയിരുന്നു. ഇദ്ദേഹത്തിന്റെ സ്പോർട്സിലെ മികച്ച പ്രകടനം കണ്ട് P & T ഡിപ്പാർട്മെന്റും കൊച്ചിൻ പോർട്ട് ട്രസ്റ്റും ഒരേ ദിവസം ജോലിക്ക് വിളിക്കുകയായിരുന്നു. എന്നാൽ മത്തായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് തിരഞ്ഞെടുത്ത് അവിടെ ഉദ്യോഗസ്ഥനായി.
മത്തായിയുടെ ആദ്യകാല മീറ്റ് റെക്കോർഡുകൾ പലതും വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് വന്ന കായിക താരങ്ങൾക്ക് തിരുത്തിക്കുറിക്കാൻ സാധിച്ചത്.1975 ൽ കൊട്ടാരമറ്റത്തു നടന്ന ജില്ലാ സ്പോർട്സ് മീറ്റിന്റെ സമ്മാനദാനം നിർവഹിക്കുവാൻ വന്ന അന്നത്തെ പാലാ എം എൽ എ, കെ. എം. മാണി സർ മത്തായിയുടെ പോള്‍വാൾട്ടിലെ പ്രകടനം കണ്ട് കെട്ടിപ്പിടിച്ചു അഭിനന്ദിക്കുകയുണ്ടായി. മത്തായിയുടെ വേർപാട് കായിക പ്രേമികൾക്ക് ഇന്നും ഒരു തീരാ നൊമ്പരമാണ്. പാലായിൽ അദ്ദേഹത്തിന് പഴയ കാല കായിക താരങ്ങളുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു. ജൂൺ 2 ന് ആണ് രോഗബാധിതനായി അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.