കോട്ടയം :പൂവരണി പാലാ – പൊൻകുന്നം റോഡിൽ പൂവരണി വിളക്കുംമരുത് കവലയിൽ അടി ക്കടി ഉണ്ടാകുന്ന വാഹനഅപകടങ്ങൾ ഒഴിവാക്കുന്നതിന് റോഡ് സുരക്ഷ ഉറപ്പ് വരു ത്തുന്നതിലേക്ക് അടിയന്തിരനടപടികൾ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മീനച്ചിൽ പഞ്ചായത്ത് ഭരണസമിതിക്കും, പൊതുമരാമത്ത് വകുപ്പിനും മറ്റ് അധികാരികൾക്കും നിവേദനം നൽകുവാൻ പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം തീരുമാനിച്ചു. സമീപകാലത്ത് ആയി നാല് വലിയ വാഹനപകടങ്ങൾ ഉണ്ടാകുകയും അതിൽ രണ്ട് വ്യക്തികൾ മരണപ്പെടുകയും മറ്റ് വാഹന അപകടത്തിൽപെട്ടവർക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്.
വിളക്കുംമരുത് ജംഗ്ഷൻ മീനച്ചിൽ പഞ്ചായത്തിലെ നാല് വാർഡുകൾ ഒന്നിക്കുന്ന സ്ഥലമാണ്. പാല – പൊൻകുന്നം മെയിൻ റോഡിൽ നിന്ന് നാല് വശത്തേക്കും റോഡുകൾ തിരിയുന്ന ഒരു ജംഗ്ഷനും വേറെ ഇല്ല . പാലാക്കാട് ഭാഗത്തേയ്ക്കും കൊഴുവനാൽ ഭാഗത്തേയ്ക്കും ഉള്ള റോഡുകൾ തിരിയുന്നത് ഈ കവലയിൽ നിന്ന് ആണ്. ഈ ജംഗ്ഷനിൽ മെയിൻ റോഡിൽ നിന്ന് ഇരുന്നൂറ് മീറ്റർ മുമ്പിലായി പൂവരണി ഗവ യുപി സ്കൂളും, ഇരുനൂറ് മീറ്റർ പുറകിലായി ജർമ്മൻ അക്കാദമിയും ഉണ്ട് . ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും, വഴിയാത്രക്കാരും വന്ന് പോകുന്ന ഈ ജംഗ്ഷനിൽ പാലാ – പൊൻകുന്നം ഹൈവേയിൽ കൂടി വരുന്ന വാഹനങ്ങളുടെ അമിതവേഗത അപകടങ്ങൾക്ക് കാരണമാകുന്നു. ആഴ്ചയിൽ ഒന്നിലധികം അപകടങ്ങളാണ് ഉണ്ടാകുന്നത്.
മെയിൻ റോഡിലൂടെ ഉള്ള വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി വിളക്കുംമരുത് ജംഗ്ഷനിൽ, നൂറ് മീറ്റർ മുമ്പിലും നൂറ് മീറ്റർ പിൻപിലുമായി വാഹനങ്ങളുടെ സ്പീഡ് കുറക്കുന്നതിനുള്ള സ്ട്രിപ്പുകൾ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പൂവരണി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പോൾ പൂവത്താനി ജോർത്ത് ഞാവള്ളിക്കുന്നേൽ, ബിജു താഴത്തുകുന്നേൽ, ജോസ് തണ്ണിപ്പാറ, ജോൺ നൈയ്യിൽ, രാജേഷ് വാര്യവീട്ടിൽ, റ്റോമി മുളങ്ങാശേരി തുടങ്ങിയവർ പ്രസംഗിച്ചു.