കോട്ടയം :പൂവത്തോട്: അനധികൃത നിർമ്മാണങ്ങൾക്കെതിരെ ധീരമായ നടപടികളുമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ നാലാം വാർഡിൽ പൂവത്തോടിന് സമീപം തിടനാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാകത്തോട്ടിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് അനധികൃതമായി കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് നിർമ്മിച്ച പാലം പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ നേതൃത്വത്തിൽ പൊളിച്ചത്.
അനധികൃതമായി പാലം നിർമ്മിച്ചതിനാൽ ജലത്തിൻ്റെ ഒഴുക്ക് തടസപ്പെടുകയും സമീപ പ്രദേശത്ത് വെള്ളം കയറുകയും അടുത്ത പഞ്ചായത്തായ തിടനാട് പഞ്ചായത്തിലെ പ്രദേശവാസികൾക്ക് ദുരിതമുണ്ടാകുകയും തിടനാട് വിലങ്ങുപാറ റൂട്ടിൽ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയും ചെയ്യുക പതിവായിരുന്നു. ദിവസങ്ങളായി തുടരുന്ന അതിരൂക്ഷമായ മഴയുടെ സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് ഭരണ സമിതി ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
നിരവധി തവണ നിർമ്മാണം പൊളിച്ചു നീക്കണമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതിനാലാണ് പഞ്ചായത്ത് നേരിട്ട് പോലീസിൻ്റെ സഹായത്തോടെ നിർമ്മാണം പൊളിക്കുന്നതിനിറങ്ങി തിരിച്ചത്. മീനച്ചിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോയി കുഴിപ്പാല , ബിജു റ്റി .ബി, ലിസമ്മ ഷാജൻ, സെക്രട്ടറി ബിജോ പി. ജോസഫ്, തിടനാട് പഞ്ചായത്ത് മെമ്പർ കറിയാച്ചൻ പൊട്ടനാനി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.