Kerala
മഴക്കാലമാണ്;കാറ്റും മഴയും കരുതിയിരിക്കാം ഒപ്പം മോഷ്ടാക്കളെയും.,കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ ശബ്ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്
മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും തടയുന്നതിനായി പൊതുജനങ്ങള്ക്ക് കോട്ടയം ജില്ലാ പോലീസ് നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍
രാത്രിയില്‍ മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങള് ശ്രദ്ധയിൽപ്പെട്ടാൽ ഉടന് തന്നെ അയല്വാസികളെ അറിയിക്കേണ്ടതും രാത്രിയിൽ ആണെങ്കിൽ വീടിന് പുറത്തുള്ള ലൈറ്റുകള്‍ ഇടുന്നതിനും ശ്രദ്ധിക്കുക.
വീട് പൂട്ടി പുറത്ത് പോകുന്ന സമയം ആ വിവരം അയൽക്കാരെ അറിയിക്കേണ്ടതാണ്. കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കാവുന്നതും കൂടാതെ, കേരള പോലീസിന്റെ POL-APP ലെ LOCKED HOUSE INFORMATION എന്ന പോര്ട്ടലില് രജിസ്റ്റര് ചെയ്ത് പോലീസ് നിരീക്ഷണം ഉറപ്പ് വരുത്താവുന്നതുമാണ്.
കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യങ്ങളിൽ ദിനം പ്രതി ലഭിക്കുന്ന പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ല എന്ന് ബന്ധപ്പെട്ടവരെ നിർദ്ദേശിക്കണം. കൂടാതെ ലാൻഡ് ഫോൺ താൽക്കാലികമായി ഡിസ്കണക്ട് ചെയ്യണം.
വീട്ടില്‍ ആളില്ലാത്ത പകൽ സമയങ്ങളിൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും അണയ്ക്കുന്നതിനും പത്രം, പാൽ, തപാൽ ഉരുപ്പടികൾ തുടങ്ങിയവ സുരക്ഷിതമായി എടുത്തുവയ്ക്കുന്നതിനും വിശ്വസ്തരെ ഏൽപ്പിക്കുക.
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്പ് വീടിന്റെ കതകുകളും, ജനല്പാളികളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
കടകളുടെയും, വീടുകളുടെയും വരാന്തകളിലും മറ്റും മഴ കാരണം കയറി നിൽക്കുന്ന അപരിചിതരായ ആളുകളുടെ ചലനം ജാഗ്രതയോടെ നിരീക്ഷിക്കണം.
വീട്ടില് മറ്റാരും ഇല്ലാത്ത സമയത്ത് എത്തുന്ന ഭിക്ഷക്കാര്, കച്ചവടക്കാര്, ആക്രി പെറുക്കുകാര്, നാടോടികള് എന്നിവരുമായി വീടിന്റെ വാതില് തുറന്ന് വെളിയിലിറങ്ങി ആശയവിനിമയം നടത്താതിരിക്കുക. സംശയകരമായ ഏത് കാര്യവും ഉടൻ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.
വീടിന്റെ മുന്വാതിലിലും, അടുക്കളവാതിലിലും സ്റ്റെയര്കേസ് റൂമിന്റെ വാതിലിലും ഇരുമ്പ് പട്ടകള് പിടിപ്പിച്ച് സുരക്ഷിതമാക്കേണ്ടതാണ്.
പകല്‍ സമയങ്ങളില്‍ വീടിന്റെ മുന്വാതിലും, അടുക്കളവാതിലും അടച്ചിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വീട് കുത്തിത്തുറക്കുന്നതിനു് ഉപയോഗിക്കാവുന്ന കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങള് യാതൊരു കാരണവശാലും വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക.
സി.സി.ടി.വി ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്നും വീട്ടുകാർ പുറത്തേക്ക് പോകുന്ന സമയം സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ, പോലീസ് സ്റ്റേഷൻ നമ്പർ, പോലീസിന്റെ All India Emergency നമ്പരായ 112 അടക്കമുള്ള ഫോൺ നമ്പരുകൾ സൂക്ഷിച്ചുവച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടെണ്ടതാണ് .