നെടുങ്കണ്ടം: അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി.മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്ന് വൈകുന്നേരം രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
ഇയാൾ കുറെ നാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ആന്ധ്രയില്‍ നിന്നോ ഒറീസയില്‍ നിന്നോ ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ലഹരി മാഫിയാ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.
അടുത്തിടെ സംസ്ഥാനത്തെ പലയിടത്തുനിന്നായി കഞ്ചാവ് പിടികൂടിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് നെടുങ്കണ്ടം പോലീസ് രാമക്കല്‍മേട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.