സൗദി അറേബ്യാ :ദമാം: കിഴക്കൻ സൗദിയില്‍ ദമാമില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മംഗലാപുരം സ്വദേശി ശൈഖ് ഫഹദിന്റെയും സല്മാ കാസിയുടെയും ഇളയ മകൻ സായിക് ശൈഖ് മൂന്നു വയസ് ആണ് ശ്വാസംമുട്ടി മരിച്ചത്.ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്നുണ്ടായ തീപ്പിടുത്തമാണ് ജീവൻ കവർന്നത്. ഇവരുടെ മൂത്ത മകന് അഞ്ചു വയസ്സുള്ള സാഹിര് ശൈഖ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ അര്ദ്ധരാത്രിയാണ് ദാരുണമായ അപകടം നടന്നത്. ദമാം അല് ഹുസൈനി കോമ്പൗണ്ടിലെ രണ്ടു നിലയുള്ള വില്ലയിൽ താമസിച്ചു വരികയായിരുന്നു കുടുംബം. താഴെ നിലയിലുള്ള അടുക്കളയില് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപിടിക്കുകയും വീടിനുള്ളില് ശക്തമായ പുക പടരുകയുമായിരുന്നു.
ശൈഖ് ഫഹദ് കോമ്പൗണ്ടിലെ ഹൗസ് കീപ്പറെ മൊബൈലിൽ വിളിച്ച് രക്ഷപ്പെടുത്താൻ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടവര് ഓടിയെത്തിയെങ്കിലും തീയും പുകയും കാരണം അകത്തേക്ക് പ്രവേശിക്കാൻ ഇവര്ക്കായില്ല.
പുകയും ഇരുട്ടും കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ശൈഖ് ഫഹ ദും കുടുംബവും മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുകയും അബോധാവസ്ഥയിൽ ആയ കുടുംബത്തെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു.
ഗുരുതര നിലയിലുള്ള ശൈഖ് ഫഹദിനെ ദമാം അല് മന അത്യാഹിത വിഭാഗത്തിലും ഭാര്യ സല്മാ കാസിയെ ഗുരുതരമായ നിലയില് ദമാം സെൻട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിലും കഴിയുന്നു. ദമാം മെറ്റേണിറ്റി ആശുപത്രിയില് കഴിയുന്ന മൂത്ത മകന് സാഹിര് ശൈഖ് അപകട നില തരണം ചെയ്തിട്ടുണ്ട്.
വീടിനുള്ളില് തന്നെ മരണമടഞ്ഞ ഇളയ മകന് സായിക് ശൈഖിന്റെ മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്., ലോക കേരള സഭാംഗവും സാമൂഹ്യ പ്രവര്ത്തകനുമായ നാസ് വക്കത്തിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില് നടപടി ക്രമങ്ങള് പുരോഗമിക്കുന്നു.