Kerala
രാജസ്ഥാന് രാജകീയ മടക്കം;സൂര്യ കിരണത്തോടെ സൺറൈസേഴ്‌സ് ഐ പി എൽ ഫൈനൽ കളിക്കും
ചെന്നൈ:ഐപിഎല്‍ 2024 ക്വാളിഫയർ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 139 റണ്‍സില്‍ അവസാനിച്ചു. 56 റണ്‍സെടുത്ത ദ്രുവ് ജൂറല്‍ മാത്രമായിരുന്നു രാജസ്ഥാനായി അല്‍പ്പമെങ്കിലും പൊരുതിയത്. ഷഹബാസ് അഹമ്മദ് – അഭിഷേക് ശർമ സ്പിന്‍ ദ്വയമാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.
ടോം കോഹ്‌ലർ താളം കണ്ടെത്താത്തും യശസ്വി ജയ്‌സ്വാളിന് മതിയായ സ്ട്രൈക്ക് ലഭിക്കാത്തതും രാജസ്ഥാന് പവർപ്ലേയില്‍ വിനയായി. 16 പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത കോഹ്ലർ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. ഭുവനേശ്വർ കുമാർ എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറില്‍ 19 റണ്‍സ് ജയ്സ്വാള്‍ നേടി. ഇതോടെ രാജസ്ഥാന്റെ സ്കോർ 51-ലെത്തി. പവർപ്ലേയ്ക്ക് ശേഷം സ്പിന്നർമാർ എത്തിയതോടെ ഹൈദരാബാദിന് അനുകൂലമായി കാര്യങ്ങള്‍.
ജയ്സ്വാളിനെ (42) ഷഹബാസ് അഹമ്മദും സഞ്ജു സാംസണെ (10) അഭിഷേക് ശർമയും പുറത്താക്കിയതോടെ രാജസ്ഥാന്‍ സമ്മർദത്തിലേക്ക് വീഴുകയായിരുന്നു. ഇന്നിങ്സ് പാതി വഴിയിലെത്തുമ്പോള്‍ 73-3 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. സമ്മർദം അതിജീവിക്കാനാകാതെ റിയാന്‍ പരാഗും (6) മടങ്ങിയതോടെ രാജസ്ഥാന്റെ മുന്‍നിര കൂടാരം കയറി. തൊട്ടുപിന്നാലെ എത്തിയ അശ്വിനും (0) ഷഹബാസിന് വിക്കറ്റ് നല്‍കി മടങ്ങി, 79-5.
അപകടകാരിയായ ഷിമ്രോണ്‍ ഹെറ്റ്മയർ (4) ഹൈദരാബാദിന് വെല്ലുവിളി ഉയർത്താതെ പുറത്തായി. പിന്നീട് ദ്രുവ് ജൂറലും റോവ്മാന്‍ പവലും ചേർന്ന് രാജസ്ഥാനായി പൊരുതുകയായിരുന്നു. എന്നാല്‍ 32 റണ്‍സ് കൂട്ടുകെട്ട് പവലിനെ (6) പുറത്താക്കി നടരാജന്‍ പൊളിച്ചു. ഇതോടെ രാജസ്ഥാന്റെ ജയസാധ്യത പൂർണമായും മങ്ങി. 35 പന്തില്‍ 56 റണ്‍സെടുത്ത ദ്രുവ് ജൂറലിന് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്. ഹെൻ്ററിച്ച് ക്ലാസന്‍ (50), രാഹുല്‍ ത്രിപാഠി (37) ട്രാവിസ് ഹെഡ് (34) എന്നിവരാണ് ഹൈദരാബാദിന്റെ പ്രധാന സ്കോറർമാർ. രാജസ്ഥാനായി ടെന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതം നേടി. രണ്ട് വിക്കറ്റെടുത്ത സന്ദീപ് ശർമയാണ് മറ്റൊരു പ്രധാന വിക്കറ്റ് ടേക്കർ.