Kerala
ബോംബ് നിർമ്മാണ രക്തസാക്ഷി സ്മാരക ഉദ്‌ഘാടനത്തിന് എം.വി ഗോവിന്ദൻ പങ്കെടുത്തില്ല പകരം പങ്കെടുത്തത് എം.വി ജയരാജൻ
വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉത്ഘാടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്തില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് സ്മാരകം ഉത്ഘാടനം ചെയ്തത്. വിവാദമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിട്ടുനിൽക്കലെന്നാണ് വിവരം.
ചെറ്റക്കണ്ടിയിൽ 2015ലുണ്ടായത് സ്ഫോടനമെന്നാണ് ഉദ്ഘാടനം ചെയ്ത എം.വി.ജയരാജന്റെ പ്രഖ്യാപനം. രക്തസാക്ഷികളായ ഷൈജുവും സുബീഷും നാടിന് പ്രിയപ്പെട്ടവരാണ്. ബോംബ് നിർമാണത്തിനിടെയല്ല, സ്ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ യുഡിഎഫ് സർക്കാർ കളളക്കേസെടുക്കുകയായിരുന്നുവെന്നും ജയരാജൻ വിശദീകരിച്ചു. സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം നിർമിച്ച സ്മാരക മന്ദിരം വലിയ വിവാദമായിരുന്നു. മന്ദിരം ഇന്ന് എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 2015 ൽ ചെറ്റക്കണ്ടിയിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സ്മാരകം നിർമ്മിച്ചത്. ആർഎസ്എസിനോട് പൊരുതി ജീവൻ നൽകിയ രക്തസാക്ഷികളെന്നാണ് സിപിഎം വിശദീകരണം.
2016ൽ ധനസമാഹരണം തുടങ്ങിയ സ്മാരകമാണ് ഇന്ന് പൂർത്തിയാക്കുന്നത്.ബോംബ് നിർമ്മിക്കുബോൾ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വിവാദമായെങ്കിലും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ നേരിട്ടത്തുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലാ നേതാക്കളും പങ്കെടുക്കും. 2015 ജൂൺ ആറിന് കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരെ പാർട്ടി രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു.
സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയ ശേഷമായിരുന്നു ഇത്. ആർഎസ്എസിനോട് പോരാടി മരിച്ച ഇരുവരും രക്തസാക്ഷികൾ തന്നെയെന്ന വിശദീകരണം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും നൽകി. ബോംബുണ്ടാക്കുമ്പോൾ മരിച്ചവർക്ക് ആർഎസ്എസ് സ്മാരകം പണിത പട്ടികയും നിരത്തി. എന്നാൽ ജയരാജൻ ഒഴികെ മറ്റ് സിപിഎം നേതാക്കൾ വിഷയത്തിൽ ന്യായീകരണവുമായി എത്തിയില്ല.