തൃശ്ശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍. തൃശ്ശൂര്‍ മുല്ലശ്ശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നിരിക്കുന്നത്. പഞ്ചായത്തില്‍ മാത്രം കുറഞ്ഞകാലത്തിനിടയ്ക്ക് ഏഴ് പേര്‍ അവയവ കച്ചവടത്തിന് ഇരയായെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ ബാബു മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി.
വൃക്കയും കരളുമാണ് വില്‍പ്പന നടത്തിയത്. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്താണ് മാഫിയകള്‍ അവയവ കച്ചവടം നടത്തിയതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബറില്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും സി.എ ബാബു പറഞ്ഞു.
വിവരം ലഭിച്ച ഉടനെ ഈ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു. ഏജന്റ് മുഖേനയാണ് അവയവം ദാനം ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കിയതായും സി.എ ബാബു പറഞ്ഞു. പുറം പോക്കിലും മറ്റും താമസിക്കുന്നവരെയാണ് ഏജന്റുമാര്‍ ബന്ധപ്പെടുന്നത്. പണം നല്‍കിയ കാര്യവും മറ്റും തന്നോട് സ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇരകളായ ഏഴ് പേരില്‍ അഞ്ചുപേര്‍ വൃക്കയും രണ്ടുപേര്‍ കരളുമാണ് ദാനം ചെയ്തത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യക്ഷമമായിരുന്നില്ലെന്നും ഇദ്ദേഹം വ്യക്കമാക്കി.
കൊച്ചി കേന്ദ്രീകരിച്ചു നടന്ന മറ്റൊരു അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശ്ശൂര്‍ സ്വദേശി സബിത്ത് നാസറിനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ സബിത്ത് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പിടിയിലായത്. ഇതിനുപിന്നാലെ അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.