Kerala
കടനാട് വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ കാതിൽ കിടന്നിരുന്ന കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മേലുകാവ് : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ കാതിൽ കിടന്നിരുന്ന കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് ചാത്തൻകുന്ന് കോളനിയിൽ പൂവംതടത്തിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന മജീഷ് (33) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി അയൽവാസിയായ വൃദ്ധ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങുകയായിരുന്ന വൃദ്ധയുടെ ഇരു കാതുകളിലെയും കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണമുതൽ ഇയാളുടെ വീടിന്റെ സമീപത്തുനിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ഗോപകുമാർ കെ.ജി, എസ്.ഐ റെജിമോൻ സി.റ്റി, സി.പി.ഓ മാരായ വിനീത്, ജോബി സെബാസ്റ്റ്യൻ, ഐസക്, ജോബി, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മജീഷ് പാലാ, മേലുകാവ്, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.