പാലാ :വലവൂർ റൂട്ടിൽ പേണ്ടാനം വയലിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സവും വീടുകൾക്ക് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നു.പേണ്ടാനം വയലിനു സമീപമുള്ള പുത്തൻവീട് ജംഗ്‌ഷനിലാണ് മഴപെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഇന്ന് അര മണിക്കൂറോളം മഴ പെയ്തപ്പോൾ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു .ഇത് മൂലം ഗതാഗത തടസ്സവും സംജാതമായി.കാലാ കാലങ്ങളിലായി ഇവിടെ ഓട ഉണ്ടായിരുന്നെങ്കിലും പുതിയ ആൾക്കാർ സ്ഥലം വാങ്ങി വീട് വച്ചപ്പോൾ ഉള്ള ഓട അടച്ചു വയ്ക്കുകയാണ് ചെയ്തത്.ഇത് മൂലമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.റോഡിൽ നിന്നും വളരെ താഴ്ന്നുള്ള ചിറയാത്ത് വീട്ടുകാർ ഇപ്പോൾ വെള്ളം കയറാതിരിക്കാൻ ഗെയിറ്റ് ലെവലിൽ നിന്നും രണ്ടടി കെട്ടി പൊക്കിയിരിക്കുകയാണ്.
പൊക്കി കെട്ടിയില്ലെങ്കിൽ ഈ വെള്ളം മുഴുവൻ ഈ ഭവനത്തിന്റെ മുറ്റത്തെത്തും.ഈ വെള്ളക്കെട്ട് മൂലം വഴി അരികിലുള്ള മൂന്നു വീടുകളും സുരക്ഷാ ഭീഷണിയും നേരിടുന്നുണ്ട്.വീട് ഇരുന്നു പോകുവാനുള്ള സാധ്യതയും ഉയരുകയാണെന്നു കെട്ടിട നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ പറയുന്നു .പി ഡബ്ലിയൂ ഡി അധികാരികൾക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും അവരും നടപടി സ്വീകരിച്ചിട്ടില്ല.
മഴക്കാലം തുടങ്ങിയപ്പോൾ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സ്ഥിതിക്ക് ഇനിയും ഇത് ഗുരുതരമാവാനാണ് സാധ്യത.ചെറിയ വാഹനങ്ങളാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത് .പല ഇരുചക്ര വാഹനക്കാരും ഇപ്പോൾ ഇവിടെ അപകടത്തിൽ പെടുന്നുണ്ട്.ഈയിടെയും അപകടത്തിൽ പെട്ട ഒരാളുടെ കൈ ഒടിഞ്ഞിരുന്നു .ഇനിയും വലിയ അപകടങ്ങൾക്കായി കാത്തിരിക്കുകയാവാം അധികാരികൾ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ