Politics

ദാ പോയി… ദേ വന്നു എയർപോഡ്; മുങ്ങിയ എയർപോഡ് പാലായിൽ തിരിച്ചെത്തി

കോട്ടയം :പാലാ നഗര സഭയിലെ എയർപോഡ് വിവാദം ലോകമാകെയുള്ള മലയാളികൾക്ക് ഇപ്പോൾ അറിയാം .കേരളാ കോൺഗ്രസ് എം കൗൺസിലറായ ജോസ് ചീരാൻകുഴിയുടെ   എയർപോഡ് കൗൺസിൽ ഹാളിൽ നിന്നും മോഷണം പോയത് ഒക്ടോബർ 4 നു ആയിരുന്നു.ഉടനെ തന്നെ അദ്ദേഹം എന്റെ എയർപോഡ് മോഷണം പോയി തിരിച്ചു തരണമെന്ന് സഹ കൗണ്സിലര്മാരോട് പറഞ്ഞെങ്കിലും ജോസിനെ ആരും മൈൻഡ് ചെയ്തില്ല.ഓ ..നമ്മുടെ ജോസുകുട്ടനല്ലേ പുള്ളിക്കാരൻ വേറെ വാങ്ങിച്ചോളും എന്ന് എല്ലാവരും തമാശ പറഞ്ഞു .

എലിയെ പോലെ ഇരിക്കുന്നവനൊരു പുലിയെ പോലെ വരുന്നത് കാണാം എന്ന് പറഞ്ഞത് പോലെ പിന്നീട് ജോസ് ചീരൻകുഴി കളമാകെ നിറഞ്ഞാടുന്ന കാഴ്ചയാണ് കണ്ടത് .ഒക്ടോബർ 16 ന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.രണ്ടു ദിവസത്തിന് ശേഷം ചീരാൻകുഴിയുടെ ആപ്പിൾ ഫോണിൽ എയർപൊടിന്റെ ലൊക്കേഷൻ കാണിച്ചത് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിന്റെ വസതിക്കു സമീപമായിരുന്നു.അപ്പോൾ തന്നെ അതിന്റെയെല്ലാം സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം എടുത്തു വച്ചിരുന്നു.

ജോസ് ചീരാൻകുഴിക്കു അതെ കുറിച്ചൊന്നും നല്ല ബോധ്യുമില്ല എന്ന് കരുതിയ മോഷ്ട്ടാവ് എയർപോഡുമായി മൂന്നാറിന് പോവുകയും .ചിന്നക്കനാലിന് പോവുകയും ഒക്കെ ചെയ്തു .ഇതിന്റെയെല്ലാം ലൊക്കേഷൻ അപ്പപ്പോൾ ചീരാൻകുഴി  സ്‌ക്രീൻ ഷോട്ടുകൾ ശേഖരിക്കുന്നുമുണ്ടായിരുന്നു.തെളിവുകൾ ഏറെയായപ്പോൾ ചീരൻ കുഴി ഏറെ സന്തോഷിച്ചു;മുൻസിപ്പൽ ആഫീസിൽ  മാധ്യമങ്ങളെ വിളിച്ച് സ്‌ക്രീൻ  ഷോട്ടുകൾ കാണിച്ചു കൊടുത്തു,ഞാനിതു വെറുതെ പറയുന്നതല്ല ഇതിന്റെയെല്ലാം തെളിവുകളുണ്ട്.

ഇതിനിടയിൽ എയർപോഡ്  ഇഗ്ലണ്ടിലേ മാഞ്ചസ്റ്ററിലെ ലൊക്കേഷൻ കാണിച്ചു.അതിന്റെ ലൊക്കേഷനും തെളിവും ജോസുകുട്ടൻ ശേഖരിച്ചു.ഇതിനിടയിൽ തെരെഞ്ഞെടുപ്പായി എയർപോഡ് വിവാദം മെല്ലെ കെട്ടടങ്ങി.എല്ലാവരും മര്യാദ രാമന്മാരായി.എയർപോഡ് എടുത്തെന്നു ആരോപിതനായ കൗൺസിലർ ഈ തെരെഞ്ഞെടുപ്പിൽ ചാഴികാടനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ക…മ എന്നൊരക്ഷരം പോലും  ഉരിയാടിയില്ല.തോമസ്  ചാഴികാടനെ വിജയിപ്പിക്കാനുള്ള “അക്ഷീണ പരിശ്രമത്തിലായിരുന്നു” എന്നാണറിവ്.

എന്നിരുന്നാലും പാലാ എൽ ഡി എഫ് എന്നു പറഞ്ഞാൽ ഐക്യമത്യം മഹാബലം എന്ന് പറഞ്ഞപോലെയാണ് .ഒരു പാത്രത്തിലെ ഉണ്ണൂ …ഒരു പായയിലെ ഉറങ്ങൂ.. പാലായിലെ ഇടതു മുന്നണിയിലെ ഐക്യം കോഴിക്കോട് മുതലക്കുളം മൈതാനത്ത് മുതലയും കുളവും ഉണ്ടെന്ന് പറഞ്ഞപോലെയാ . കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പ് കാലത്ത് സിപിഎം മെമ്പറായ ബിനു കേരളാ കോൺഗ്രസ് മെമ്പറായ ബൈജുവിനിട്ട് മെഡുല്ല ഒബ്ലാം കട്ട നോക്കിയാ ഒരെണ്ണം കൊടുത്തത്.കാന്താരി മുളകെന്തിനാ അധികം ഒരെണ്ണം മതിയല്ലോ പുകഞ്ഞു കൊളമായി.അന്ന് ബൈജു കരഞ്ഞ കരച്ചില് പെറ്റ തള്ള പോലും പൊറുക്കില്ല . എൽ ഡി എഫിന്റെ റിംഗ് ടോണായി ഇപ്പോഴും  ആ കരച്ചിൽ സസുഖം വാഴുന്നു.

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയാറായപ്പോൾ ഇതാ വരുന്നു എയർപോഡ്.കൊല്ലനുമറിഞ്ഞില്ല കൊല്ലത്തീം അറിഞ്ഞില്ല തിത്തൈ എന്നൊരു കൊച്ചരിവാൾ എന്ന് പറഞ്ഞ പോലെ എയർപോഡ് ദേ പോയി ..ദേ വന്നു ..തന്നത് ആരാ എന്താ എന്നൊന്നും ചോദിക്കരുത് …പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ  അവർ പ്രൈമറി ക്‌ളാസിലെ കുട്ടികളെ പോലെ പറഞ്ഞു ശൊ …ആരാന്ന് ഒരു പിടിയും കിട്ടുന്നില്ല..ആ ആ ആ ആർക്കറിയാം ..ആ മറുപടി കേട്ട പിന്നെയാരും ഒന്നും ചോദിച്ചില്ല.പണ്ട് ഒരു വീട്ടിൽ ഗൾഫിൽ പോയ കുഞ്ഞാങ്ങള അഞ്ച് വർഷം കഴിഞ്ഞു  വന്നപ്പോൾ അടുത്തൊക്കെ കെട്ടിച്ചു വിട്ട പെങ്ങന്മാര് കിട്ടിയതെല്ലാം വീതിച്ചെടുത്തു .കുഞ്ഞാങ്ങള അല്ലെ ..കുഞ്ഞാങ്ങളയ്ക്കെന്തിനാ തുണീം .,കർട്ടൻ തുണീം;  ടോർച്ചും ;എമാർജൻസീം;തേപ്പുപെട്ടീം  ഒക്കെ .അത് ഞങ്ങളെടുത്തോളാം ..അവസാനം ഹൈറേഞ്ചിലെ ഉപ്പുതുറയിൽ കെട്ടിച്ചുവിട്ട മൂത്ത പെങ്ങൾ ഓടി കിതച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞു.എല്ലാം ഒന്നും ബാക്കി വയ്ക്കാതെ അടുത്ത് കെട്ടിച്ചു വിട്ട പെങ്ങന്മാർ വീതിച്ചെടുത്തു.അവസാനം ഒരു സൈക്കിളിനിന്നും വീണ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.  ഒന്നും തന്നില്ലേലും കുഞ്ഞാങ്ങള ഗൾഫീന്നു വന്നല്ലോ എനിക്കതു മതി..അതുപോലെ കേരളമാകെ പിടിച്ചു കുലുക്കിയ എയർപോഡ് പാലായിൽ തന്നെ തിരിച്ചു എത്തിയല്ലോ നമുക്കതു മതി .ഹല്ല പിന്നെ …

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top