Kerala

ശൈലജ ടീച്ചർ വടകര കടന്നേക്കുമെന്ന് സിപിഎം ന്റെ അവസാന കണക്കുകൂട്ടൽ

കോഴിക്കോട്: വടകര ലോക്സഭാമണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുന്‍തൂക്കമെന്ന് സി.പി.എം. വിലയിരുത്തല്‍. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും ഇടയിലുള്ള വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ. ശൈലജയ്ക്ക് ജയിച്ചുകയറാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നത്.

കഴിഞ്ഞതവണ വടകര ലോക്സഭാമണ്ഡലത്തില്‍ മത്സരിച്ച സി.പി.എമ്മിലെ പി. ജയരാജന്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു സി.പി.എം. താഴെക്കിടയില്‍നിന്നുള്ള കമ്മിറ്റികളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അവലോകനറിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നിട്ടും 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. മുരളീധരന്‍ വടകരയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈസാഹചര്യത്തിലാണ് ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിര്‍ത്തി, ഉറച്ചവോട്ടുകള്‍മാത്രം പരിഗണിച്ച് ബൂത്ത് തലത്തില്‍നിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് റിപ്പോര്‍ട്ടുപോയത്. എന്നാലും, വോട്ടുനിലയിലെ കുറവ് തങ്ങളുടെ പ്രവര്‍ത്തനപോരായ്മയിലേക്ക് വിരല്‍ചൂണ്ടിയേക്കാമെന്ന ആശങ്കയില്‍ ചില ബൂത്തുകമ്മിറ്റികള്‍ യഥാര്‍ഥചിത്രം നല്‍കിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞതവണത്തെ അപേക്ഷിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഇത്തവണ അല്പം മേല്‍ക്കോയ്മയുണ്ടാവുമെന്നാണ് അന്തിമ അവലോകനം. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളില്‍ യു.ഡി.എഫിന് തന്നെയാവും ഇത്തവണയും മേല്‍ക്കൈ. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം അസംബ്ലി മണ്ഡലങ്ങളില്‍ അടിയൊഴുക്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

വടകരയില്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ എം.പി.യുമായ കെ. മുരളീധരന്‍ വീണ്ടും സ്ഥാനാര്‍ഥിയാവുമെന്ന നിഗമനത്തിലാണ് വടകര തിരിച്ചുപിടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രിയും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ രംഗത്തിറക്കിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അവര്‍ ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍, പാലക്കാട് എം.എല്‍.എ.യായ ഷാഫി പറമ്പിലിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയതോടെ വടകരയിലെ തിരഞ്ഞെടുപ്പുരംഗം മറ്റൊരുതലത്തിലേക്ക് പെട്ടെന്ന് എത്തുകയായിരുന്നു.

എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കഴിഞ്ഞതവണ ലഭിച്ചത് 80,128 വോട്ടായിരുന്നു. വലിയമുന്നേറ്റം വടകരയില്‍ എന്‍.ഡി.എ.ക്ക് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. വടകര ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വത്സന്‍ പനോളിയുള്‍പ്പെടെയുള്ളവരാണ് അന്തിമ വിശകലനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top