Kerala

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.,10 വർഷം തടവും;രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്., പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം

Posted on

 

കണ്ണൂര്‍ : പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version