Kerala
ബാല കൃഷ്ണനല്ല;ഏത് വലിയ കൃഷ്ണനായാലും കോൺഗ്രസിൽ കാണില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ:ഉദുമയിൽ എന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ബാലകൃഷ്ണൻ
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ രാജ്മോഹൻ ഉണ്ണിത്താനും കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും തുറന്ന പോരിൽ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിലുണ്ടാകില്ലെന്ന് ഉണ്ണിത്താൻ കഴിഞ്ഞദിവസം ഫെയ്സ് ബുക്കിൽ എഴുതിയിരുന്നു. ഇതിനെതിരെ ബാലകൃഷ്ണൻ പെരിയ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉണ്ണിത്താനെതിരെ ഗൗരവമുള്ള ആരോപണമാണുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ പെരിയ തന്നെ തോല്പിക്കാൻ ഉണ്ണിത്താൻ ശ്രമിച്ചുവെന്നാണ് ബാലകൃഷ്ണൻ ആരോപിക്കുന്നത്. ഇടതുപക്ഷത്തേക്ക് പോയ പാദൂർ ഷാനവാസിന്റെ വീട്ടിൽവച്ച് തന്നെ തോൽപ്പിക്കാൻ പലതവണ ഉണ്ണിത്താൻ ചർച്ച നടത്തിയെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു. രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം ഉണ്ണിത്താനെതിരെ എഴുതിയിരിക്കുന്നത്.