Kerala
മൂവാറ്റുപുഴ നഗരത്തിൽ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എഴുമുട്ടം സ്വദേശി കുമാരി മരിച്ചു
മൂവാറ്റുപുഴ നഗരത്തിൽ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയില്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ കുമാരിയുടെ മകന്‍ കെ അനു (40), അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ (38), ഇവരുടെ മകള്‍ ദീക്ഷിത (9) എന്നിവരെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡികല്‍ കോളജിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ ഭാഗത്തു നിന്നും വാഗമണ്ണിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന കാറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
എതിര്‍ദിശയില്‍ വന്ന തൊടുപുഴ ഏഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറിലും, കരുനാഗപ്പിള്ളി സ്വദേശികളായ ദമ്പതികളും ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍പെട്ട രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ആറംഗ സംഘത്തിലെ രഞ്ജിത്, രാഹുല്‍, അനന്തു, രതീഷ്, ജിതിന്‍ എന്നിവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ കുട്ടിയും അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഇടിയുടെ ആഘാത്തില്‍ ഒരു വാഹനം പൂര്‍ണമായും മറ്റു രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് റോഡില്‍നിന്ന് വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.