അടിമാലി:പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷം 2023 ഏപ്രിൽ 30 ന് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ഒരു വർഷത്തിനു ശേഷവും പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ അടിമാലി ബ്ലോക്ക് പ്രവർത്തകയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അങ്കണവാടി ക്ഷേമനിധി ബോർഡ് മുഖേന വർക്കർക്ക് (ടീച്ചർ ) 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷനായി പ്രതിമാസം നൽകേണ്ടത്. ഇതിനു പുറമെ വിരമിക്കൽസമയത്ത് ടെർമിനൽ ഗ്രാറ്റുവിറ്റിയായി വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 15,000 രൂപയും 10,000 രൂപയും നൽകണം.
ഈ തുകയാണ് വിരമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജീവനക്കാർക്ക് നൽകാത്തത്. സേവന കാലത്ത് വർക്കർമാരിൽ നിന്ന്500 രൂപയും ഹെൽപ്പർമാരിൽ നിന്ന് 250 രൂപയുമാണ് ക്ഷേമനിധിയിലേക്ക് ഈടാക്കുന്നത്. സർക്കാർ വിഹിതമായി 20% തുകയാണ് നിക്ഷേപിക്കുന്നത്. അടിമാലി നാഷണൽ ലൈബ്രറി ഹാളിൽ നടന്ന യോഗം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.
അടിമാലി ബ്ലോക്ക് സെക്രട്ടറി പി.ഇ.ബിന്ദു അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് റിന്റാ ജോസഫ്, ജില്ലാ സെക്രട്ടറി എസ്. ഗീത,വി.എ. രാധ, ഇ.കെ.ജയമോൾ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ ആയി നിയമനം ലഭിച്ചവർക്കർ എം.കെ. ഷൈലജയെ യോഗത്തിൽ ആദരിച്ചു.