ബംഗളൂരു : ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിംകാർഡുകള്‍ സംഘടിപ്പിച്ച് നല്കുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുള്‍ റോഷൻ (46)എന്നയാണ് പിടിയിലായത്.
നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകള്‍ സംഘടിപ്പിച്ച് നല്കുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തില്‍ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ഒടുവിൽ കർണാടകയിലെ മടിക്കേരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മടിക്കേരിയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി.
ഇയാളുടെ പക്കല്‍ നിന്നും 40000 സിം കാർഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോമെട്രിക് സ്കാനറുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നല്‍കുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈബർ നോഡല്‍ ഓഫിസറായ DCRB DYSP ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജല്‍ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.