തൃശൂർ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിന് എത്തിയ കോളേജ് വിദ്യാർത്ഥി ഡാമില്‍ മുങ്ങിമരിച്ചു. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മലപ്പുറം താനൂര്‍ വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) ആണ് മരിച്ചത്.
ബുധൻ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്.മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്.
എംഎസ്സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. കോളേജില്‍ നിന്നുള്ള 12 അംഗ സംഘം ഇന്റണ്‍ഷിപ്പിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം റിസർവോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.