തിരുവനന്തപുരം : ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് ചേർന്ന് സോഷ്യലിസ്റ്റ് ഫ്രണ്ട്- SF എന്ന പേരിൽ മുന്നണി രൂപീകരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ നീക്കമാരംഭിച്ചു.
ഇതിന്റെ ഭാഗമായി രാഷ്ട്രീയ ലോക് ദൾ (RLD ), രാഷ്ട്രീയ ലോക് മോർച്ച (ദേശീയ ജനതാപാർട്ടി -RLM) എന്നിവയുടെ സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക തല ചർച്ച പൂർത്തിയാക്കി.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ പൗത്രനും അജിത് സിംഗിന്റെ മകനുമായ ജയന്ത് സിംഗ് ചൗധരി നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയാണ് RLD.
മുൻ കേന്ദ്ര മനവ വിഭവ വികസന മന്ത്രി ഉപേന്ദ്ര സിംഗ് കുശ്വാഹ ദേശീയ പ്രസിഡണ്ടായ പാർട്ടിയാണ് രാഷ്ട്രീയ ലോക് മോർച്ച അഥവാ ദേശീയ ജനതാപാർട്ടി – RLM.
ജനതാ പാരമ്പര്യമുള്ള മറ്റു പാർട്ടികളുടെയും സമാന ചിന്താഗതിയുള്ള ചെറു സോഷ്യലിസ്റ്റു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് RLD സംസ്ഥാന അദ്ധ്യക്ഷൻ ഷഹീദ് അഹമ്മദ്, RLM സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ എന്നിവർ സംയുക്ത വാർത്താ ക്കുറിപ്പിൽ അറിയിച്ചു.
ചെറുതും വലുതുമായ ജനതാ പരിവാർ പാർട്ടികളുടെ ലയനം എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതു പല കാരണങ്ങൾ കൊണ്ടും അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തിൽ പുനരേകീകരണത്തിന്റെ ആദ്യ പടിയെന്ന നിലയിലാണ് സോഷ്യലിസ്റ്റു മുന്നണി എന്ന ആശയം രൂപം കൊണ്ടത്.
ഒരു മുന്നണി രൂപീകരിക്കാനും ഒരുമിച്ചു പ്രവർത്തിക്കാനും ഏകോപനമുണ്ടാക്കി മുന്നോട്ടു പോകാനും തീരുമാനിച്ച സാഹചര്യത്തിൽ അംഗീകാരമുള്ളതും അംഗീകാരം നഷ്ടപ്പെട്ടതുമായ സോഷ്യലിസ്റ്റ് പാർട്ടികൾക്ക് ഒരുമിച്ചു നിന്നു പ്രവർത്തിക്കാനും പ്രതികരിക്കാനും അവസരം ലഭിക്കുമെന്ന് ഷഹീദ് അഹമ്മദും ഡോ. കൈപ്പാറേടനും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതൊരു പുതിയ തുടക്കമാണെന്നും സോഷ്യലിസ്റ്റു പാർട്ടികളുടെ പുനരേകീകരണം കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവിശ്യമാണെന്നും നേതാക്കൾ പറഞ്ഞു.