Kerala
വിട പറഞ്ഞ കെ പി യോഹന്നാൻ ബിജെപി യുടെ സഹ യാത്രികൻ ;ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് പരസ്യ പിന്തുണ നൽകി
തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയെ പരസ്യമായി പിന്തുണച്ച ആളായിരുന്നു ഇന്നലെ വിടപറഞ്ഞ ബിലീവേഴ്സ് ചർച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ.
തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരില്‍ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പല്‍ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.
പത്തനംതിട്ടയിലെ പല മണ്ഡലങ്ങളിലും വിജയിയെ നിശ്ചയിക്കുന്ന വോട്ട് ബാങ്കായി ബിലീവേഴ്സ് ചർച്ച് പിന്നീട് മാറി.ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഡല്‍ഹി ലഫ് ഗവർണ്ണർ വിനയ് കുമാർ സക്സേനയെ ബലീവേഴ്സ് ചർച്ചിന്റെ മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ മുഖ്യാതിഥിയായി ബിജെപി നേതൃത്വം അയച്ചത് കെപി യോഹന്നാൻ എന്ന മെത്രാപ്പോലീത്തയുടെ വോട്ട് ബലം അറിഞ്ഞായിരുന്നു. പരസ്യമായി തന്നെ അനില്‍ കെ ആന്റണിയെന്ന ബിജെപിക്കാരന് സഭ പിന്തുണയും പ്രഖ്യാപിച്ചു.
പിന്നാലെ അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണവും നല്‍കി.സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററില്‍ നടന്ന യോഗത്തില്‍ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സില്‍വാനിയോസ് മെത്രാപ്പൊലിത്ത, സഭാ പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളില്‍ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. മെത്രാപൊലീത്തയും അനില്‍ കെ. ആന്റണിയും യോഗത്തില്‍ സംസാരിച്ചു. അനിലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കി.
ഇതാദ്യമായാണ് ഒരു കേരളത്തിലെ ക്രൈസ്തവ സഭ ബിജെപിക്ക് പരസ്യ പിന്തുണ നല്‍കിയത്. ഇടതു വലതു മുന്നണികളെ പോലും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.ഇതിനിടെയാണ് സഭയുടെ നാഥൻ അമേരിക്കയിലെ വാഹനാപകടത്തില്‍ മരിക്കുന്നത്.
നേരത്തെ മാർത്തോമ്മാ സഭയിലായിരുന്ന കെ പി യോഹന്നാൻ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതല്‍ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയില്‍ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ സുവിശേഷ പ്രവർത്തകനായി. 1974ല്‍ അമേരിക്കയില്‍ ദൈവശാസ്ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
1979ല്‍ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്പല്‍ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്കു രൂപം നല്‍കി. അധികം വൈകാതെ കേരളത്തില്‍ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്ബരയിലൂടെ ശ്രദ്ധേയനായി.
1990ല്‍ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നല്‍കി. 2003ല്‍ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ഏറെ വിമർശനങ്ങൾക്കിടയിലാണ് ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത്.വിവാഹം കഴിച്ചവർക്ക് ബിഷപ്പുമാർ ആകാൻ പാടില്ലെന്ന ക്രൈസ്തവ സഭകളിൽ ആദിമകാലം മുതൽ നിന്ന നിയമമാണ് അദ്ദേഹം പൊളിച്ചെറിഞ്ഞത്.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്. കെ.പി. യോഹന്നാന്റെ കീഴിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 35 ലക്ഷം വിശ്വാസികള്‍ ഒപ്പമുണ്ടന്നാണ് സഭയുടെ അവകാശവാദം.
തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ കോളജാണ് സ്ഥാപനങ്ങളില്‍ പ്രധാനം.കോന്നിയിലും ആശുപത്രിയുണ്ട്. തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളും റാന്നി പെരുനാട് എന്‍ജിനീയറിംഗ് കോളേജും സഭയ്ക്കുണ്ട്.
2263 ഏക്കര്‍ വരുന്ന കോട്ടയം എരുമേലിയ്ക്കടുത്ത ചെറുവള്ളി എസ്റ്റേറ്റും ബിലീവേഴ്‌സ് ചർച്ചിന്റെ താണ്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കേരള ഹൈക്കോടതി ഇത് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നു.
ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഡാലസിലെ സില്‍വർസിന്റില്‍ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ഇന്നലെ രാത്രി 7 മണിയോടെ കാലം ചെയ്യുകയായിരുന്നു.നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയത്.
മക്കള്‍: ഡാനിയല്‍ മാർ തിമോത്തിയോസ് (ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ച്, യുഎസ്), സാറാ ജോണ്‍സണ്‍. മരുമക്കള്‍: എറീക്കാ പൂന്നൂസ്, ഫാ.ഡോ. ഡാനിയല്‍ ജോണ്‍സണ്‍ (ബിലീവേഴ്‌സ് ഈ സ്റ്റേണ്‍ ചർച്ച് സഭാ സെക്രട്ടറി).