കോട്ടയം :കന്യാകുമാരി ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ പാലായിലെ ഒരു പിതാവിന്റെ നെഞ്ചിലും ഭയം അരിച്ചരിച്ചിറങ്ങി.ഒരു വേള താനും ഈ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ അവസ്ഥയിൽ ആവേണ്ടതായിരുന്നല്ലോ എന്ന ചിന്തയാണ് ബിജു പുളിക്കക്കണ്ടത്തിനും ഉണ്ടായിരുന്നത്.
തന്റെ ഉപാസനാ മൂർത്തിയായ മുരിക്കമ്പുഴ അമ്മ ദേവി കാത്തതാണെന്ന അചഞ്ചല വിശ്വാസമാണ് നടൻ സുരേഷ് ഗോപിയുടെ നിഴലായി കൂടെ നടക്കുന്ന ബിജു പുളിക്കക്കണ്ടത്തിനുള്ളത്. കൈ വളരുന്നോ ;കാൽ വളരുന്നോ എന്ന് സ്വന്തം മക്കളെ കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന മാതാപിതാക്കളുടെ വേപഥു ആരോട് പറഞ്ഞറിയിക്കും .മക്കളുടെ ഉയർച്ച ഓരോ ദിവസവും മനോ മുകുരത്തിൽ തെളിഞ്ഞു വരുന്ന ഒരു മാതാപിതാക്കൾക്കും ലഭിക്കുന്ന അശുഭ വാർത്തയെ കുറിച്ച് ബിജു പുളിക്കക്കണ്ടം ഓർത്തെടുത്ത് ഇന്നലെ കന്യാകുമാരി ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ കടൽ തിരയിലകപ്പെട്ട് മുങ്ങി മരിച്ചെന്ന വർത്തയറിഞ്ഞപ്പോഴാണ്.അദ്ദേഹം അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു .
പോസ്റ്റിന്റെ പൂർണ്ണ രൂപം
ആദരാഞ്ജലികൾ …
കന്യാകുമാരിയിലെ ലെമൂർ ബീച്ചിൽ (ഗണപതിപുരം ബീച്ച്) മുങ്ങിമരിച്ച മെഡിക്കൽ വിദ്യാർത്ഥികളായ കുട്ടികളെയോർത്ത് അത്യധികം ദുഃഖിക്കുന്നു.
എന്നെയും കുടുംബത്തെയും സംബന്ധിച്ച് നടുക്കുന്ന വാർത്ത തന്നായിരുന്നു ഇത്.
കാരണം പറയട്ടേ … ഒരു മാസത്തിനു മുമ്പ് തിരുനെൽവേലി ഗവർമെൻ്റ് മെഡിക്കൽ കോളജിലെ MBBS വിദ്യാത്ഥികളായ എൻ്റെ ഇളയ മോൾ ചേതനയടക്കമുള്ള 6 പെൺകുട്ടികൾ ഇതേ ലെമൂർ ബീച്ചിൽ തിരയിൽപ്പെട്ടു വൻ അപകടാവസ്ഥയിലായിരുന്നു. കൈകോർത്ത് പിടിച്ച് മണൽപ്പരപ്പിൽ നിന്ന് വെള്ളത്തിലേക്ക് കാൽ നനയ്ക്കാൻ തുടങ്ങവേ അപ്രതീക്ഷിതമായി വന്ന ഒരു വൻതിര ഇവരെ ആറു പേരെയും കടലിലേക്ക് വലിച്ചെടുക്കുകയായിരുന്നു. നാട്ടുകാരടക്കമുള്ളവർ ജീവൻ പണയം വച്ച് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അവരിൽ മൂന്നു കുട്ടികളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ ആംബുലൻസിൽ കന്യാകുമാരി മെഡിക്കൽ കോളജിലും പിന്നീട് കേരളത്തിൽ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവർക്ക് ഒരു പുനർജൻമമായിരുന്നു അന്ന് കിട്ടിയത്. പിന്നീട് മാതാപിതാക്കൾ ഒത്തുകൂടിയപ്പോൾ ഞങ്ങൾ പങ്കിട്ട വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അന്നവരിൽ ആർക്കെങ്കിലും ദുരനുഭവം ഉണ്ടായിരുന്നെങ്കിൽ ബാക്കിയുള്ളവരുടെ തുടർ ജീവിതത്തെ അത് താളം തെറ്റിക്കുമെന്നുറപ്പായിരുന്നു.
ഞാനിത് ഇവിടെ കുറിക്കുന്നത്, അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഒരു മുന്നറിയിപ്പായാണ്. നമ്മുടെ കുട്ടികൾ അവർ തനിച്ചോ അല്ലാതെയോ ആവട്ടേ … ഉല്ലാസയാത്രയ്ക്ക് ബീച്ചിലോ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കോ പോവുമ്പോൾ അവരെ ഓർമ്മപ്പെടുത്തുക … അപകടം കൺമുന്നിലുണ്ടെന്ന്. തനിക്കും തനിക്കൊപ്പമുള്ളവരുടെയും സുരക്ഷയിൽ ശ്രദ്ധയേറെ വേണമെന്ന് … ചെറുപ്പത്തിൻ്റെ തിളപ്പിൽ ജീവൻ്റെ വില മറക്കരുതെന്ന് … ദൈവവിചാരം കൈവെടിയരുതെന്നും.
—- ബിജു പുളിക്കകണ്ടം, പാലാ