കോട്ടയം: ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹമാധ്യമത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജ ശബ്ദസന്ദേശം. സമൂഹത്തെ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഒരു സ്ത്രീയുടെ ശബ്ദമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ആശുപത്രിക്കു സമീപം താമസിക്കുന്ന സ്ത്രീ ആണെന്നു സ്വയം പരിചയപ്പെടുത്തിയാണ് ശബ്ദസന്ദേശം തുടങ്ങുന്നത്.
അതികഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വെയിലത്തു നിന്നു കയറിവരുന്നവര്‍ തണുത്ത പാനീയങ്ങള്‍ കഴിക്കുന്നത് കഴുത്തിലെ ഞരമ്പുകള്‍ പൊട്ടുന്നതിനു കാരണമാകുന്നുവെന്നും ഇത്തരത്തില്‍ ഒട്ടേറെ പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നുണ്ടെന്നുമായിരുന്നു സന്ദേശം. ശീതളപാനീയം കുടിക്കുന്നത് അപകടമാണെന്നു കാട്ടി കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സത്യാവസ്ഥ അറിയാന്‍ ഒട്ടേറെ പേരാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്കു വിളിച്ചതെന്നും കോട്ടയം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍.രതീഷ് കുമാര്‍ അറിയിച്ചു.