Kerala

‘നവകേരള ബസ്’ നവ യാത്രയിൽ പണിമുടക്കി;രക്ഷാ പ്രവർത്തനവുമായി യാത്രക്കാർ

കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്.

യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.

4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്.

26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.

കോഴിക്കോട്– ബെംഗളൂരു റൂട്ടാണ് സ്ഥിരം സർവീസെങ്കിലും മേയ്‍ ദിനത്തിൽ കോഴിക്കോട്ടേക്കു ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം– കോഴിക്കോട് സർവീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂർ ടെർമിനലിൽനിന്നും കയറിയത്. വഴിയിലും ആളെ കയറ്റി. കോഴിക്കോട് സ്റ്റാൻഡിൽ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങൾ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വർക‌്‌ഷോപ്പിൽ എത്തിച്ച് പെയ്ന്റടിച്ചു.

മന്ത്രിസഭയുമായി ബസ് സഞ്ചരിച്ചപ്പോൾ ഡ്യൂട്ടി ചെയ്ത ഡ്രൈവറും കണ്ടക്ടറുമാണു ബസ് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോടെത്തിച്ച ശേഷം ആദ്യത്തെ ബെംഗളൂരു സർവീസാണ് ഇന്ന് പുലർച്ചെ ആരംഭിച്ചത്. നവകേരള സദസ്സിനു ശേഷം ബസ് എന്തു ചെയ്യണമെന്ന ചർച്ച നടന്നിരുന്നു. മന്ത്രിയായിരുന്ന ആന്റണി രാജുവാണു ബസ് സർവീസിനു വിട്ടുനൽകുമെന്നു പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top