മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ഇവരുടെ വീടുകളിലെത്തിയാണ് പ്രതികളെ സി.ബി.ഐ. സംഘം കസ്റ്റഡിയിലെടുത്തത്. കേസ് സി.ബി.ഐ. ഏറ്റെടുത്തശേഷമുള്ള ആദ്യ അറസ്റ്റാണിത്.
2023 ഓഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ലഹരിമരുന്നുമായി പോലീസ് പിടികൂടിയ താമിര്‍ ജിഫ്രിയെ താനൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും താമിര്‍ ജിഫ്രിക്ക് ക്രൂരമര്‍ദനമേറ്റതിനെ തെളിവുകള്‍ കണ്ടെത്തിയത്. ആകെ 21 മുറിപ്പാടുകളാണ് യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും രണ്ടെണ്ണം മരണശേഷവും സംഭവിച്ചതാണെന്നായിരുന്നു കണ്ടെത്തല്‍. യുവാവിന്റെ ആമാശയത്തില്‍നിന്ന് മഞ്ഞദ്രാവകമടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിരുന്നു. ഇത് യുവാവ് വിഴുങ്ങിയ മയക്കുമരുന്നാണെന്നായിരുന്നു റിപ്പോര്‍ട്ട്.
ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ മര്‍ദനമാണ് ഈ നീര്‍ക്കെട്ടിന് കാരണമായതെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീര്‍ക്കെട്ടിന് കാരണമായിരുന്നു.
ചേളാരിയില്‍നിന്ന് ലഹരിമരുന്നുമായി താമിര്‍ ഉള്‍പ്പെടെ 12 പേരെയാണ് മലപ്പുറം എസ്.പി.യുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് താമിര്‍ അടക്കമുള്ളവരെ താനൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. ഇവിടെവെച്ച് പോലീസ് സംഘം താമിറിനെ പോലീസ് സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍, ഈ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടി നിയമപോരാട്ടത്തിനിറങ്ങി. മലപ്പുറം എസ്.പി.യായിരുന്ന എസ്.സുജിത്ത് ദാസ് അടക്കമുള്ളവര്‍ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്നതായും ആരോപണമുയര്‍ന്നു. തുടര്‍ന്നാണ് കേസ് സി.ബി.ഐ.ക്ക് വിട്ടത്.