കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 2020-21 സീസണ്‍ ഫൈനലിന്റെ ആവര്‍ത്തനമെന്നോണം നടന്ന കലാശപ്പോരില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ബഗാന്റെ സ്വന്തം മൈതാനമായ സാള്‍ട്ട്‌ലേക്കില്‍ ഒരു തവണ പിന്നില്‍ പോയ ശേഷം മൂന്നുഗോള്‍ തിരിച്ചടിച്ചാണ് മുംബൈ കിരീടമുയര്‍ത്തിയത്.
യോര്‍ഗെ പെരെയ്‌ര ഡിയാസും ബിപിന്‍ സിങ്ങും യാകുബ് വോയ്റ്റസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. ജേസന്‍ കമ്മിന്‍സിന്റെ വകയായിരുന്നു മോഹന്‍ ബഗാന്റെ ഗോള്‍. ലീഗ് ഘട്ടത്തില്‍ ബഗാനോട് തോറ്റ് ഐഎസ്എല്‍ ഷീല്‍ഡ് നഷ്ടമായതിന് പകരംവീട്ടാനും മുംബൈക്കായി.
44-ാം മിനിറ്റില്‍ കമ്മിന്‍സിലൂടെ മോഹന്‍ ബഗാനാണ് ആദ്യം ലീഡെടുത്തത്. പെട്രാറ്റോസിന്റെ കിടിലനൊരു ലോങ്‌റേഞ്ചര്‍ പിടിച്ചെടുക്കാനുള്ള മുംബൈ ഗോളി ഫുര്‍ബ ലാച്ചെന്‍പയുടെ പാഴായ ശ്രമമാണ് ഗോളിന് വഴിവെച്ചത്. ഫുര്‍ബയുടെ കൈയില്‍ തട്ടി പന്ത് നേരേ വീണത് കമ്മിന്‍സിനു മുന്നിലേക്ക്. പന്ത് അനായാസം വലയ്ക്കുള്ളിലേക്ക് തട്ടിയിട്ട് കമ്മിന്‍സ് സാള്‍ട്ട്‌ലേക്കില്‍ ആഘാഷത്തിന് തിരികൊളുത്തി.
എന്നാല്‍ രണ്ടാം പകുതി 10 മിനിറ്റ് കടക്കും മുമ്പ് മുംബൈ സമനില ഗോളടിച്ചു. 53-ാം മിനിറ്റില്‍ നൊഗ്വേര ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിച്ച യോര്‍ഗെ പെരെയ്‌ര ഡിയാസ് ബഗാന്‍ ഗോളി വിശാല്‍ കെയ്ത്തിനെയും കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു.
കളി ഏതുഭാഗത്തേക്കും തിരിയാമെന്ന ഘട്ടത്തില്‍ 81-ാം മിനിറ്റില്‍ ബിപിന്‍ സിങ് മുംബൈയുടെ ലീഡുയര്‍ത്തി. ബഗാന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോള്‍. ലാലിയന്‍സുല ചാങ്‌തെയുടെ ആദ്യ ഷോട്ട് ബഗാന്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങിയത് യാകുബിന് മുന്നിലേക്ക്. താരം നല്‍കിയ പാസില്‍ ബിപിന്റെ ആദ്യ ഷോട്ട് പാഴായെങ്കിലും രണ്ടാം ഷോട്ടില്‍ ലക്ഷ്യം കണ്ട ബിപിന്‍ മുബൈയെ മുന്നിലെത്തിച്ചു.
പിന്നാലെ സമനില ഗോളിനായുള്ള മോഹന്‍ ബഗാന്റെ ശ്രമത്തിനിടെ ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ യാകുബ് മുംബൈയുടെ ജയമുറപ്പിച്ചുകൊണ്ട് മൂന്നാം ഗോള്‍ സ്വന്തമാക്കി.